ബൈക്കിലെത്തി വയോധികയുടെ മാല കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍

പാലക്കാട്: വഴി ചോദിക്കാനെന്ന വ്യാജേന ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍. കോഴിപ്പാറ സൊരപ്പാറ സ്വദേശികളായ രാജന്‍(65), ഭാര്യ അന്നമ്മ (50) എന്നിവരാണ് കൊല്ലങ്കോട് പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പല്ലശ്ശന താമരമുകള്‍ അമ്പലത്തിനു സമീപം ബൈക്കിലെത്തിയ ദമ്പതികള്‍ പാടത്ത് പണി കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ അടുത്ത് നിര്‍ത്തി വഴി ചോദിച്ച് മാല പൊട്ടിക്കുകയായിരുന്നു. രണ്ട് പവന്‍ തൂക്കം വരുന്നതും 80,000 രൂപ വിലമതിക്കുന്നതുമായ സ്വര്‍ണമാലയാണ് പൊട്ടിച്ചത്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ ഡിവൈ.എസ്.പി. സുന്ദരന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. കൊല്ലങ്കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ്, പറമ്പിക്കുളം പോലീസ് ഇന്‍സ്‌പെക്ടര്‍ ആദം ഖാന്‍, കൊല്ലങ്കോട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മധു, ചിറ്റൂര്‍ പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ. നസീറലി, എസ്.സി.പി.ഒ. ജിജോ, കൊല്ലങ്കോട് പോലീസ് സ്റ്റേഷന്‍ എസ്.സി.പി.ഒ. ജെബിന്‍ ഷാ, ഗുരുവായൂരപ്പന്‍, സി.പി.ഒ. രമേശ്, ജിജേഷ്, ജിഷ, ഡ്രൈവര്‍ സി.പി.ഒ. സുഭാഷ്, പറമ്പിക്കുളം പോലീസ് സ്റ്റേഷന്‍ ഡ്രൈവര്‍ സി.പി.ഒ. സുഭാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.