ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല മോഷ്ടിക്കുന്ന രണ്ടംഗ സംഘം പിടിയില്‍

google news
gold necklaces

പാലക്കാട്: നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല മോഷ്ടിക്കുന്ന രണ്ടംഗ സംഘം പിടിയില്‍. കോയമ്പത്തൂര്‍ വേട്ടക്കാരന്‍ പുതൂര്‍ തളകണ്ടമ്മന്‍കോവില്‍ വീതി ആനന്ദ്കുമാര്‍ (33), അവിനാശി പുതുക്കോളനി സെല്ലന്നൂര്‍ കണ്ണന്‍ (20) എന്നിവരെയാണ് ടൗണ്‍ സൗത്ത്, പുതുനഗരം, കസബ, വാളയാര്‍, മലമ്പുഴ, ടൗണ്‍ കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ രാവിലെ ഒമ്പതരയോടെ പാലക്കാട് ടൗണിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ മാല ആശുപത്രിയിലേക്ക് നടന്നുപോകുന്നതിനിടെ യാക്കര വച്ച് ബൈക്കില്‍ വന്ന രണ്ടംഗ സംഘം പൊട്ടിച്ച് കടന്നുകളഞ്ഞു.

വിവരം അറിഞ്ഞയുടന്‍ പോലീസ് വാഹന പരിശോധന ആരംഭിച്ചു. കസബ പോലീസ് സ്റ്റേഷന് മുന്നില്‍ പരിശോധനക്കിടെ സംശയാസ്പദമായി കണ്ട വാഹനത്തിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയതോടെ പോലീസ് പിന്തുടര്‍ന്നു.വാഹനം വേനോലിക്കടുത്ത് ലോറി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ വിജനമായ പ്രദേശത്ത് കൂടി പുഴ ഭാഗത്തേക്ക് ഓടി അപ്രത്യക്ഷരായി. തുടര്‍ന്ന് സ്ഥലത്തെത്തിയ ടൗണ്‍ സൗത്ത്, പുതുനഗരം, കസബ, വാളയാര്‍, മലമ്പുഴ, ടൗണ്‍ കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാടുപിടിച്ചു കിടന്ന പ്രദേശത്തുനിന്ന് പ്രതികളെ പിടികൂടിയത്.

പ്രതികളുടെ കൈയില്‍നിന്നും മോഷ്ടിച്ച സ്വര്‍ണമാല കണ്ടെടുത്തു. ഓട്ടത്തിനിടെ വീണു പരുക്കേറ്റ മോഷ്ടാക്കളെ ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കി. പ്രതികളെ ടൗണ്‍ സൗത്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.നഗരത്തിലും പരിസരപ്രദേശങ്ങളുമായി കഴിഞ്ഞ രണ്ടാഴ്ചയായി ബൈക്കില്‍ വന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. ഒറ്റക്ക് നടന്നു പോകുന്ന സ്ത്രീകളെയും ഷോപ്പുകളിലും മറ്റും നില്‍ക്കുന്ന സ്ത്രീകളെയുമാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. 

തമിഴ്‌നാട്ടില്‍നിന്ന് മോഷ്ടിക്കുന്ന ബൈക്കുകളില്‍ എത്തുന്ന സംഘം കുറ്റകൃത്യം കഴിയുമ്പോള്‍ വാഹനം ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ഉപേക്ഷിക്കുന്നതിനാല്‍ അന്വേഷണം പലപ്പോഴും വഴിമുട്ടിയിരുന്നു. ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ ഇക്കഴിഞ്ഞ ആറിന് കാടാങ്കോട് വച്ച് സ്ത്രീയുടെ മാല പൊട്ടിച്ച സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
 

Tags