യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചകേസ്: മൂന്നു യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍. മുണ്ടക്കയം സ്വദേശിയെ ബാംഗ്ലൂരില്‍നിന്നും തട്ടിക്കൊണ്ടുവന്ന് കല്ലമ്പാറയിലെ ഒഴിഞ്ഞ വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച് കഠിനമായി മര്‍ദിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വീട്ടുക്കാര്‍ക്കയച്ചുകൊടുത്ത് ഒരു ലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ തെക്കുംകര കല്ലമ്പാറ പല്ലിക്കാട്ടില്‍ വീട്ടില്‍ ഷിബുസിങ് (ചിപ്പന്‍, 31), കല്ലമ്പാറ പഞ്ഞരത്തിനാല്‍ വീട്ടില്‍ വിഷ്ണു പ്രസാദ് കണ്ണന്‍ (ലിവര്‍, 29), അടങ്കളം മൂച്ചിക്കല്‍ സൂബൈര്‍ (സുബൂ, 32) എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഈ കേസില്‍ മറ്റ് ആറ് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.