ഉടുമ്പന്നൂരിൽ മദ്യലഹരിയിൽ പതിനഞ്ചുകാരനെ മർദിച്ച പിതാവ് അറസ്റ്റിൽ
ഉടുമ്പന്നൂർ: മദ്യലഹരിയിൽ പിതാവിന്റെ ക്രൂരമർദനമേറ്റ പതിനഞ്ചുകാരന് പരിക്ക്. ശരീരത്തിന്റെ പലഭാഗത്ത് പരിക്കേറ്റ ഉടുമ്പന്നൂർ തൊഴുത്തുംപള്ളിയിൽ വീട്ടിൽ അൻഷാദ് (15) ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവ് നജീബിനെ കരിമണ്ണൂർ പോലീസ് അറസ്റ്റുചെയ്തു.
ഞായറാഴ്ച രാത്രി 7.30-നാണ് സംഭവം. മദ്യപിച്ചെത്തിയ പിതാവ് കസേരയും കാപ്പിവടിയുംകൊണ്ട് നടത്തിയ മർദനത്തിൽ കുട്ടിയുടെ കൈയ്ക്കും പുറത്തും ഉൾപ്പെടെ പരിക്കുണ്ട്. കുട്ടി പുറത്തുപോയി വരാൻ വൈകിയെന്ന കാരണം പറഞ്ഞായിരുന്നു മർദനമെന്ന് മാതാവ് പറഞ്ഞു.
തലയ്ക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ താൻ തള്ളിമാറ്റിയതിനാലാണ് കൊള്ളാതിരുന്നതെന്നും അവർ പറഞ്ഞു. തുടർന്ന് അയൽവീട്ടുകാർ എത്തി തടസ്സം പിടിച്ച സമയം അൻഷാദ് മതിൽചാടി റോഡിലൂടെ ഓടി രക്ഷപ്പെട്ടു. അയൽവാസികളും കുട്ടിയുടെ മാതാവും ചേർന്ന് പഞ്ചായത്ത് മെമ്പറെയും പോലീസിനെയും അറിയിച്ചു. കരിമണ്ണൂർ പോലീസ് സ്ഥലത്തെത്തി മൊഴിയെടുത്തശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നജീബിനെ അറസ്റ്റുചെയ്തതായും ഇയാൾ മദ്യപിച്ചെത്തി മകനെ മർദിക്കുന്നത് പതിവാണെന്ന് വിവരം ലഭിച്ചതായും കരിമണ്ണൂർ സി.ഐ. പറഞ്ഞു.
.jpg)

