രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ എംപിമാരെയും അറസ്റ്റ് ചെയ്ത നടപടി: രാഷ്ട്രപതിയുടെ അടിയന്തര ഇടപെടൽ തേടി കെ. സുധാകരൻ എം.പി കത്ത് നൽകി
കണ്ണൂർ: ന്യൂഡൽഹിയിൽ സമാധാനപരമായ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി മറ്റ് പ്രതിപക്ഷ നേതാക്കളെയും എംപിമാരെയും പൊലീസ് തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി അംഗo
കെ. സുധാകരൻ എം.പി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് നൽകി.
ഒക്ടോബർ 7ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിഷേധിക്കാൻ ജന്തർ മന്തറിലേക്ക് പോകുന്നതിനിടെയാണ് പ്രതിപക്ഷ നേതാക്കളെയും എംപിമാരെയും പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. സമാധാനപരമായ ജനാധിപത്യ പ്രതിഷേധത്തെ ക്രമസമാധാന പ്രശ്നമായി കണക്കാക്കി അടിച്ചമർത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കെ. സുധാകരൻ എം.പി കത്തിൽ ചൂണ്ടിക്കാട്ടി.
പ്രതിഷേധക്കാരെ തടഞ്ഞതിന്റെയും കസ്റ്റഡിയിലെടുത്തതിന്റെയും നിയമപരമായ അടിസ്ഥാനം, പൊലീസ് നിയന്ത്രണങ്ങൾ ആവശ്യമായതും ആനുപാതികവുമായിരുന്നോ, അമിതമായ ബലപ്രയോഗം ഉണ്ടായോ, ജനപ്രതിനിധികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ റിപ്പോർട്ട് തേടണമെന്നും അദ്ദേഹം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
അതോടൊപ്പം, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടും നേരത്തെ നൽകിയ പരാതിയിൽ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.
“ചോദ്യം ചെയ്യാനും വിയോജിപ്പ് രേഖപ്പെടുത്താനും സമാധാനപരമായി ഒത്തുചേരാനും അധികാരികളോട് കണക്കു ചോദിക്കാനുമുള്ള അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് ജനാധിപത്യം നിലനിൽക്കേണ്ടത്. ഈ വിഷയങ്ങളിൽ രാജ്യത്തിന്റെ ജനാധിപത്യ അവകാശങ്ങളും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും സംരക്ഷിക്കാൻ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്ന് കെ. സുധാകരൻ എം.പി. ആവശ്യപ്പെട്ടു
.jpg)


