അർജുൻ ആയങ്കിക്ക് കുരുക്ക് മുറുകുന്നു ; കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും
കൊച്ചി: അര്‍ജുന്‍ ആയങ്കിക്കെതിരെ പിടിമുറുക്കാന്‍ പൊലീസ്. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനാണ് നീക്കം. കേസിൻ്റെ ഗൗരവ സ്വഭാവം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നിലവില്‍ അര്‍ജുന് എതിരെ ചുമത്തിയിരിക്കുന്നത് ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളാണ്. ഇതിനൊപ്പം ജാമ്യമില്ലാ വകുപ്പുകളും ചുമത്തും. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് കോതമംഗലം മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും. അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെടും.
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു അര്‍ജുന്‍ ആയങ്കി കോതമംഗലം എസ്എച്ച്ഒ പ്രശാന്തിനെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഭീഷണി. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ആയങ്കിയുടെ പോസ്റ്റ്. 'കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അര്‍ജുന്റെ പോസ്റ്റ് ആരംഭിച്ചത്. ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ പൊലീസ് നടപടിയെന്നും അര്‍ജുന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. പൊലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ലെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. ഇതിനിടെയായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പൊലീസില്‍ പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അര്‍ജുനായി അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ നിരവധി തവണ അര്‍ജുന്‍ ഫേസ്ബുക്കിലൂടെ കുറുപ്പ് പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.
കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഞായറാഴ്ചയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ്. കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടില്‍ നിന്നാണ് അര്‍ജുനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം അര്‍ജുനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
.jpg)

