ബൈക്ക് പാർക്കിംഗിനെച്ചൊല്ലി തർക്കം: തിരുവനന്തപുരത്ത് യുവാവിനെ മർദിച്ച സഹോദരങ്ങൾ പിടിയിൽ
തിരുവനന്തപുരം: വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച സംഭവത്തിൽ അയൽവാസികളായ രണ്ട് യുവാക്കൾ പിടിയിലായി. കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് സഫർ (23), മുഹമ്മദ് സഫൻ (21) എന്നിവരെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായവരിൽ ഒന്നാം പ്രതി മുഹമ്മദ് സഫർ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. 2020-ൽ കരമന സ്റ്റേഷനിൽ തന്നെ ഇയാൾക്കെതിരെ വധശ്രമത്തിന് കേസുണ്ട്. അറസ്റ്റിലായ സഹോദരങ്ങളെ കോടതി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് അക്രമം നടന്നത്.
ഇരുമ്പുവടി കൊണ്ടുള്ള മർദനത്തിൽ തിരുമല സ്വദേശിയായ യുവാവിന്റെ പുരികത്തിനും കാൽവിരലുകൾക്കും പരിക്കേറ്റു. മകനെ രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കളെയും പ്രതികൾ ഉപദ്രവിച്ചു. പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
.jpg)


