ആറളത്ത് വിറക് ശേഖരിക്കാൻ പോയ യുവാവിനെ കാട്ടാനചവിട്ടിക്കൊന്നു

കണ്ണൂർ: ഇരിട്ടി മേഖലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആറളം ഫാമില്‍ വിറക് ശേഖരിക്കാന്‍ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാമിലെ പത്താം ബ്ലോക്കിലെ രഘുവാണ് കൊല്ലപ്പെട്ടത്. 44 വയസായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
വിറക് ശേഖരിക്കാനായി പോയ ആദിവാസി യുവാവാണ് കൊല്ലപ്പെട്ടത്. ഒരു സംഘമായാണ് ഇവര്‍ വിറക് ശേഖരിക്കാനായി പോയത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുവിനെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനകം ആറളം ഫാമിലെ വിവിധ ബ്ലോക്കുകളിലായി 12 പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ജനപ്രതിനിധികൾ ഉൾപ്പെടെ നൂറു കണക്കിനാളുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാട്ടാന ശല്യം അതിരൂക്ഷമായിട്ടും വനം വകുപ്പ് ഇടപെട്ടില്ലെന്ന പരാതി ആറളത്തെ ജനങ്ങൾക്കുണ്ട് ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നതിൽ ഭൂരിഭാഗവും. ഇവിടെ കാട്ടാന ശല്യം ഒഴിവാക്കുന്നതിനായി ആന മതിൽ നിർമ്മിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നുവെങ്കിലും ഒന്നും ഇതുവരെ നടന്നിട്ടില്ല.