കോഴിക്കോട് അറബ് വനിത ഹോട്ടലിൽ മരിച്ച നിലയിൽ

dead

 കോഴിക്കോട്: കുടുംബസമേതം വിനോദസഞ്ചാരത്തിന് എത്തിയ അറബ് വനിത സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. റാസൽഖൈമ സ്വദേശിനി സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കി (40) ആണ് മരിച്ചത്. മാതാവും പിതാവും അടക്കം അഞ്ചു കുടുംബാംഗങ്ങൾക്കൊപ്പം ഒരാഴ്ചയായി ഇവർ എത്തിയിട്ട്. വ്യത്യസ്ത മുറികളിലായിരുന്നു താമസം.

സ്ഥലസന്ദർശനശേഷം രാത്രി വൈകി മുറിയിലെത്തുന്ന ഇവർ ഉച്ചയോടെയാണ് എഴുന്നേൽക്കാറ്. വെള്ളിയാഴ്ച ഉച്ചയായിട്ടും ഉണരാത്തതിനാൽ ഒപ്പം കിടന്ന മകൻ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രി ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചു. ഹോട്ടൽ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് നടക്കാവ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. പൊലീസ് ഇൻസ്‍പെക്ടർ വിഷ്ണു, എസ്.ഐ കെ. ഷൈൻ എന്നിവർ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുവതി കോഴിക്കോട്ടേക്ക് എത്തിയ സാഹചര്യം, വിസ, പാസ്‌പോർട്ട് തുടങ്ങിയവ പൊലീസ് പരിശോധിച്ചുവരികയാണ്.

യു.എ.ഇ എംബസി അധികൃതരെ വിവരം അറിയിക്കാനുള്ള നടപടി പൊലീസ് തുടങ്ങി. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ വ്യക്തമാകൂവെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.

Tags