ആന്റോ അഗസ്റ്റിന് കുരുക്ക് മുറുകുന്നു ..! റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം; വയനാട്ടിലെ കുടുംബവീട്ടിൽ നിന്നും പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം
കൽപ്പറ്റ: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്നും വന്‍തോതില്‍ മദ്യശേഖരം പിടികൂടി. പരിശോധനയിൽ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. ഇതിനൊപ്പം വീടിനുള്ളിൽ ഏഴ് ലിറ്റർ വൈനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. മെസി തട്ടിപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിന്റെ രേഖകളും മറ്റ് ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പുലര്‍ച്ചെ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് അപ്രതീക്ഷിതമായി മുറിയില്‍ സൂക്ഷിച്ചിരുന്ന വന്‍തോതിലുള്ള വിദേശമദ്യശേഖരം എസ്‌ഐടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
നിയമപ്രകാരം ഒരാള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാവുന്ന വിദേശമദ്യത്തിന് പരിധിയുണ്ട്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ നിയമാനുസൃതമായ പരിധി മൂന്ന് ലിറ്ററും, വൈനിന്റെ പരിധി മൂന്നര ലിറ്ററുമാണ്. ഇതിലും പലമടങ്ങാണ് ആന്റോയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. വലിയ അളവിൽ മദ്യം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ നിയമലംഘനമാണ്.
കണ്ടെടുത്ത വിദേശമദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് സംഘം പരിശോധിച്ച് വരികയാണ്. കൃത്യമായ ലൈസൻസോ താൽക്കാലിക അനുമതിയോ ഇല്ലാതെ വീട്ടിൽ ഇത്തരം വലിയ അളവിൽ മദ്യം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ നിയമലംഘനമാണ്. പിടിച്ചെടുത്ത മദ്യശേഖരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ വീടിനുള്ളിൽ വെച്ച് തന്നെയുള്ള നിയമനടപടികളും മഹസർ തയ്യാറാക്കലും തുടരുകയാണ്.
.jpg)

