പാമ്പുകടിയേറ്റാൽ 108 ആംബുലൻസിൽ ആന്റിവെനം ലഭ്യമല്ല ; പ്രചരിക്കുന്നത് വ്യാജസന്ദേശം
തിരുവനന്തപുരം: പാമ്പുകടിയേറ്റാൽ ഇനി വീട്ടുപടിക്കൽ തന്നെ ആന്റിവെനം കുത്തിവെപ്പ് ലഭിക്കുമെന്ന പ്രചാരണം ശരിയല്ല. 108 ആംബുലൻസുകളിൽ പാമ്പുകടിക്കുള്ള ആന്റിവെനം ലഭ്യമാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് 108 ആംബുലൻസ് സംസ്ഥാന മീഡിയ കോഡിനേറ്റർ അറിയിച്ചു.
‘പാമ്പുകടിയേറ്റാൽ നൽകുന്ന കുത്തിവെപ്പ് ഇപ്പോൾ 108 ആംബുലൻസുകളിലും ലഭ്യമാണ്. പാമ്പുകടിയേറ്റാൽ ഉടൻ 108-ലേക്ക് വിളിക്കാം. ആംബുലൻസ് രോഗിയുടെ വീട്ടിനടുത്തെത്തി ആവശ്യമായ കുത്തിവെപ്പും പ്രാഥമിക ചികിത്സയും നൽകും’ എന്ന രീതിയിലാണ് സന്ദേശം പ്രചരിക്കുന്നത്. ഇതോടെയാണ് നിരവധി പേരിൽ ആശയക്കുഴപ്പം ഉണ്ടായത്.
എന്നാൽ 108 ആംബുലൻസുകളിൽ ആന്റിവെനം ലഭ്യമല്ലെന്ന് അധികൃതർ വ്യക്തമാക്കി. പാമ്പുകടിയേറ്റ രോഗിയെ ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുകയാണ് 108 ആംബുലൻസ് ജീവനക്കാർ ചെയ്യുന്നത്. ആംബുലൻസിൽ നിന്ന് തന്നെ ആന്റിവെനം കുത്തിവെപ്പ് നൽകുമെന്ന പ്രചാരണം തെറ്റാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതുകൊണ്ടുതന്നെ പാമ്പുകടിയേറ്റാൽ 108-ലേക്ക് വിളിച്ച് അടിയന്തര സഹായം തേടാം. എന്നാൽ ആന്റിവെനം ആംബുലൻസിൽ ലഭ്യമാണെന്ന ധാരണയിൽ സമയം നഷ്ടപ്പെടുത്തരുത്. ലഭ്യമായ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്ക് രോഗിയെ വേഗത്തിൽ എത്തിക്കുകയാണ് ഇത്തരം അടിയന്തര സാഹചര്യത്തിൽ പ്രധാനമെന്നും അധികൃതരുടെ വിശദീകരണം വ്യക്തമാക്കുന്നു.
.jpg)


