അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നടത്തണം: മുഖ്യമന്ത്രി പിണറായി വിജയന്‍

google news
cm

പാലക്കാട് : അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളം കര്‍മപദ്ധതി 2, വിദ്യാകിരണം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ 97 സ്‌കൂളുകള്‍, മൂന്ന് ടിങ്കറിങ് ലാബ് എന്നിവയുടെ ഉദ്ഘാടനവും 13 സ്‌കൂളുകളുടെ തറക്കല്ലിടലും കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് ജി.എച്ച്.എസ്.എസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിശ്ചിത കുട്ടികള്‍ക്ക് മെന്ററായി ഒരു അധ്യാപകനോ അധ്യാപികയോ ഉണ്ടാകണം. കുട്ടികള്‍ ലഹരിക്ക് അടിമപ്പെടുന്നത് കുടുംബത്തിന്റെ പ്രശ്‌നമല്ലെന്നും നാടിന്റെ പ്രശ്‌നമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ക്ക് കയറിയിറങ്ങാവുന്ന ഒരു ഇടമായി സ്‌കൂളുകള്‍ മാറ്റേണ്ടതില്ല. സ്‌കൂള്‍ പരിസരത്ത് ഏതെങ്കിലും കടകളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പന നടത്തുന്നുണ്ടെങ്കില്‍ അവയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ ഉണ്ടാവണം. പോലീസും എക്‌സൈസും അതിനാവശ്യമായ നടപടി സ്വീകരിക്കണം. മയക്കുമരുന്ന് ഉപയോഗത്തില്‍ ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാത്ത സാഹചര്യമാണ്. അതിനാല്‍ എല്ലാവരും ഇക്കാര്യത്തില്‍ ജാഗ്രതയും കരുതലും സ്വീകരിക്കണം. ഈ വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ തന്നെ ഫലപ്രദമായ നടപടികള്‍ എല്ലാ സ്‌കൂളുകളിലും സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് ജി.എച്ച്.എസ്.എസില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായി. സംസ്ഥാനത്തൊട്ടാകെ 97 സ്‌കൂളുകള്‍, മൂന്ന് ടിങ്കറിങ് ലാബ് എന്നിവയുടെ ഉദ്ഘാടനവും 13 സ്‌കൂളുകളുടെ തറക്കല്ലിടലുമാണ് നടന്നത്. കിലയാണ് നിര്‍വഹണ ഏജന്‍സി.

പാലക്കാട് ജില്ലയിലെ 14 സ്‌കൂളുകളാണ് ഉദ്ഘാടനം ചെയ്തത്. കിഫ്ബി ഫണ്ടില്‍നിന്നുള്ള മൂന്ന് കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര, ജി.വി.എച്ച്.എസ്.എസ്. മലമ്പുഴ, ജി.എച്ച്.എസ്.എസ് ഷൊര്‍ണൂര്‍, ജി.വി.എച്ച്.എസ്.എസ് കാരാക്കുറിശ്ശി, ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജി.യു.പി.എസ് പുത്തൂര്‍, ജി.യു.പി.എസ് തത്തമംഗലം, ജി.എച്ച്.എസ് നന്ദിയോട്, ജി.യു.പി.എസ് നല്ലേപ്പിള്ളി, ബി.ജി.എച്ച്.എസ്.എസ് വണ്ണാമട, ജി.എച്ച്.എസ്.എസ് ഷൊര്‍ണൂര്‍, ജി.എച്ച്.എസ്.എസ് തേങ്കുറുശ്ശി, പ്ലാന്‍ഫണ്ട്/നബാര്‍ഡ്/എസ്.എസ്.കെ ഫണ്ട്/മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ജി.യു.പി.എസ് അകത്തേത്തറ, എസ്.എം.ജി.എച്ച്.എസ്.എസ് തത്തമംഗലം, ജി.എല്‍.പി.എസ് പന്നിയങ്കര എന്നിവയുടെയും ജി.വി.എച്ച്.എസ്.എസ് കാരാക്കുറിശ്ശിയുടെ ഒന്നാംഘട്ട ഉദ്ഘാടനവും നടന്നു. കെട്ടിടത്തില്‍ ക്ലാസ്മുറികള്‍, അടുക്കള, ഡൈനിങ് ഹാള്‍, സ്റ്റാഫ് റൂം, ശുചിമുറി, ലാബ് മുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ആനക്കര ജി.എച്ച്.എസ്.എസിന്റെ തറക്കല്ലിടലും വേദിയില്‍ നടന്നു.

Tags