മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം; വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ കാട്ടാനയിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Another attack by a wild elephant in Munnar; Family barely escapes after being attacked by a wild elephant that broke down the door of their house

മൂന്നാർ: മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. ഗ്രഹാംസ്‌ലാൻഡ് എസ്റ്റേറ്റിലെ ന്യൂ ഡിവിഷനിൽ പുലർച്ചെയുണ്ടായ ആക്രമണത്തിൽ നിന്ന് കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുലർച്ചെ നാലുമണിയോടെ ജനവാസ മേഖലയിലെത്തിയ ആന തോട്ടത്തിലെ കൃഷികൾ നശിപ്പിച്ച ശേഷമാണ് പ്രദേശവാസിയായ സുട്ടുസ്വാമിയുടെ വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകയറിയത്.

പുലർച്ചെ നാലുമണിയോടെ എത്തിയ പടയപ്പ ഏകദേശം അഞ്ചേമുക്കാൽ വരെ മേഖലയിൽ ഭീതി വിതച്ചു. മുറിയിൽ കിടന്നുറങ്ങുകയായിരുന്ന സുട്ടുസ്വാമിയുടെ കട്ടിൽ ആന വലിച്ചുനീക്കുകയായിരുന്നു. ഈ സമയം ഉടൻ തന്നെ സമീപത്തിരുന്ന തയ്യൽ മെഷീന്റെ പിന്നിലേയ്ക്ക് കയറി ഒളിച്ചതിനാൽ മാത്രമാണ് സുട്ടുസ്വാമിയും ഭാര്യ ജയപാർവതിയും വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. സമീപത്തെ ലയങ്ങളിലുള്ളവർ ബഹളം വെച്ചിട്ടും പടയപ്പ പിൻവാങ്ങാൻ തയ്യാറായില്ല. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) സ്ഥലത്തെത്താൻ ശ്രമിച്ചെങ്കിലും വഴിയിൽ തടിലോറി കുടുങ്ങിയതിനാൽ സംഘത്തിന്റെ വരവ് വൈകി. ആക്രമണത്തിൽ വീടിന്റെ മേൽക്കൂരയും മുൻവാതിലും കട്ടിലും മറ്റ് വീട്ടുപകരണങ്ങളും പച്ചക്കറിക്കൃഷിയും പൂർണ്ണമായും തകർന്നിട്ടുണ്ട്.

Tags