ബീമാപള്ളി ദര്‍ഗാ ഷരീഫിലെ വാര്‍ഷിക ഉറൂസ് : തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി

beemapally uroos

 തിരുവനന്തപുരം: ബീമാപള്ളി ദര്‍ഗാ ഷരീഫിലെ വാര്‍ഷിക ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിൽ നാളെ (11) പ്രാ​ദേശിക അവധി. നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് ജില്ലാ കലക്ടർ അഞ്ജു കെ. എസ് ഉത്തരവിൽ പറഞ്ഞു. പൊതുപരീക്ഷകള്‍ക്കു മാറ്റമില്ല.

നവംബർ 11 മുതൽ 21 വരെയാണ് ഇത്തവണത്തെ ഉറൂസ്. ക്രമസമാധാന പാലനത്തിനായി 10 ദിവസവും പൊലീസ് പിക്കറ്റിങ്ങും നിരീക്ഷണവും ഉറപ്പാക്കും. ഇതിനായി കൂടുതൽ പൊലീസിനെയും വോളന്റിയർമാരെയും ഡ്യൂട്ടിക്കായി വിന്യസിക്കും. തീരദേശ സുരക്ഷയുടെ ഭാഗമായി കടലിൽ ഇറങ്ങുന്നത് അപകടകരമായതിനാൽ തീരത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്‌സിന്റെ റെസ്ക്യൂ ടീമിനെയും തീയണയ്ക്കാനുള്ള സജ്ജീകരണങ്ങളെയും സ്ഥലത്ത് വിന്യസിക്കാൻ ഗതാഗത മന്ത്രി സിപി ജോണിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമായി. പൊലീസ്, മെഡിക്കൽ സംഘം, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശക്തമാക്കും.

ഗതാഗത സൗകര്യത്തിനായി തീർഥാടകർക്കായി കെഎസ്ആർടിസി 20 ഓളം പ്രത്യേക സർവീസുകൾ നടത്തും. സ്റ്റേഷൻ മാസ്റ്റർ ഓഫിസിന്റെ പ്രവർത്തനം ആരംഭിക്കും. തടസ്സമില്ലാത്ത വൈദ്യുതി വിതരണത്തിന് പ്രദേശത്തെ ലൈനുകളുടെയും തെരുവ് വിളക്കുകളുടെയും മെയ്ന്റനൻസ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനുപുറമെ, ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം കൃത്യമായി പരിശോധിക്കാൻ മന്ത്രി പ്രത്യേകം നിർദേശം നൽകി.

ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ടീമും ആംബുലൻസ് സൗകര്യങ്ങളും 24 മണിക്കൂറും ലഭ്യമാക്കും. തിരുവനന്തപുരം കോർപറേഷന്റെ നേതൃത്വത്തിൽ മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 25 ഓളം തൊഴിലാളികളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ഹെൽത്ത് വിഭാഗവും വാട്ടർ അതോറിറ്റിയും ചേർന്ന് പരിശോധനകൾ ശക്തമാക്കും.

മേഖലയിലെ അനധികൃത കയ്യേറ്റങ്ങളും ഉപയോഗശൂന്യമായി കിടക്കുന്ന നിർമാണങ്ങളും നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനമായി. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു.

Tags