അനസ്‌തേഷ്യ വഴി റേഡിയേഷന്‍ തലച്ചോറിനു കാന്‍സര്‍ ബാധിച്ച കുഞ്ഞിനു രോഗവിമുക്തി ;ചരിത്രം കുറിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി

മുളങ്കുന്നത്തുകാവ്: കാന്‍സര്‍ ബാധിച്ച മൂന്നുവയസുകാരിക്ക് അനസ്‌തേഷ്യ വഴി റേഡിയേഷന്‍ ചികിത്സ നടത്തി രോഗവിമുക്തി നല്‍കി ഗവ. മെഡിക്കല്‍ കോളജ്. തിരുവില്വാമല കുറുമങ്ങാട്ടുപടി മധുവിന്റെയും കൃഷ്‌ണേന്ദുവിന്റെയും മകള്‍ ഇഷിഗ കൃഷ്ണയ്ക്കാണ് പുതുജീവന്‍ ലഭിച്ചത്. നാലുമാസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയിലാണ് കുഞ്ഞിനു തലച്ചോറില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. അവിടത്തെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് റേഡിയേഷന്‍ ചികിത്സയ്ക്കായി ആര്‍.സി.സിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും അവിടെ പോകാതെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
റേഡിയേഷന്‍ മുറിയില്‍ പ്രത്യേകം സജ്ജീകരിച്ചാണ് 30 ദിവസത്തെ റേഡിയേഷന്‍ അനസ്‌തേഷ്യ വഴി നല്‍കിയത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ചികിത്സ നടത്തിയത്. കാന്‍സര്‍ വിഭാഗം മേധാവി ഡോ. കെ. സുരേഷ് കുമാര്‍, അനസ്‌തേഷ്യ വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ ഡോ. സോന, ഡോ. അര്‍ച്ചന, ഡോ. വീണ, റേഡിയേഷന്‍ സേഫ്റ്റി ഓഫീസര്‍ നിജു തുടങ്ങിയവരാണ് ചികിത്സ നടത്തിയത്.