'മതപണ്ഡിതന്മാർ സമൂഹത്തെ പുറകോട്ട് നയിക്കരുത്' ; കാന്തപുരത്തിനെതിരെ വിമർശനവുമായി എ.എൻ. ഷംസീർ

Candidate selection in Payyannur and Taliparamba misfired; A.N. Shamseer openly lists the reasons for the election defeat.

 കണ്ണൂർ: കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി സി.പി.എം നേതാവ് എ.എൻ. ഷംസീറും രംഗത്ത്. മതപണ്ഡിതന്മാർ സമൂഹത്തെ പുറകോട്ട് നയിക്കരുതെന്ന് അദ്ദേഹം എഫ്.ബിയിൽ കുറിച്ചു. നേരത്തെ സി.പി.എം നേതാക്കളായ കെ.കെ. ശൈലജയും പി.കെ. ശ്രീമതിയും കാന്തപുരത്തിനെതിരെ എത്തിയിരുന്നു. സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്നായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം.

ഇന്ന് കേരളത്തിൽ മുസ്‌ലിം സ്ത്രീകൾ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ്. അവരിൽ എം.എൽ.എമാരും മുൻസിപ്പൽ ചെയർപേഴ്സൺമാരും പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളുമുണ്ട്.

ജഡ്ജിമാരും വക്കീലന്മാരും ഡോക്ടർമാരും അധ്യാപകരും ടെക്നോക്രാറ്റുകളും തൊഴിലാളികളുമുണ്ട്. അവർ പൊതു സ്ഥലങ്ങളിൽ ഒത്തുചേരുകയും മീറ്റിങ്ങുകളിൽ വേദി പങ്കെടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ ആചാരക്രമമാണ്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽ നിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ല എന്നും അവർ പറഞ്ഞു.

അതേസമയം, ഇന്ത്യയെന്ന മതേതര രാജ്യത്ത് അവരവരുടെ മതം പറയാനും പ്രചരിപ്പിക്കാനുമുള്ള അവകാശം എല്ലാ പൗരർക്കും ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ പറഞ്ഞു. കലൂർ സ്റ്റേഡിയത്തിൽ നടന്ന ഹുബ്ബുറസൂൽ കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്‌ലിം ബഹുജനങ്ങളുടെ പണ്ഡിത കൂട്ടായ്മ എന്ന നിലയിൽ ഇസ്‌ലാം മത വിശ്വാസികൾ പുലർത്തേണ്ട വിശ്വാസ കാര്യങ്ങളെ കുറിച്ചും ജീവിതരീതിയെ കുറിച്ചും അവരെ ബോധവത്കരിക്കാൻ സമസ്തക്കും അതിന്റെ നേതാക്കൾക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.

ആ നിലയിൽ ഇസ്‌ലാമിക മൂല്യങ്ങളെക്കുറിച്ച് ഞങ്ങൾ അണികളോടും മഹല്ലുകളോടും ഉണർത്തുമ്പോൾ അതിൽ മറ്റുള്ളവർ വിറളി പിടിക്കുന്നത് എന്തിനാണ്. മറ്റ് മതങ്ങളുടെ വിശ്വാസ കാര്യങ്ങളിലോ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിലോ ഞങ്ങൾ ഇടപെടാറുണ്ടോ.

ഞങ്ങൾ ഞങ്ങളുടെ വിശ്വാസം ഇനിയും ഇവിടെ പറയും. വിശ്വാസികളെ ആത്മീയമായും ധാർമികമായും നവീകരിക്കാൻ തന്നെയാണ് മത പണ്ഡിതരും സമസ്തയുമൊക്കെ പ്രവർത്തിക്കുന്നത്. മത വിശ്വാസവും ആത്മീയ ബോധവും ധാർമിക അച്ചടക്കവും പറയാനും പ്രചരിപ്പിക്കാനും പാടില്ല എന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഞങ്ങളെ പിന്തിരിപ്പൻ എന്ന് മുദ്രകുത്തുന്നവർ അവരവരുടെ സംഘടനകളിലെ സ്ത്രീ വിരുദ്ധതയെ കുറിച്ചും സമൂഹത്തിലെ ധാർമിക അപചയത്തെ കുറിച്ചും സംസാരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Tags