കുട്ടികളില്‍ വിദ്യാഭ്യാസത്തോടൊപ്പം സഹാനുഭൂതി-ദയ വളര്‍ത്തിയെടുക്കണം: എ.എന്‍ ഷംസീര്‍

hyy

പാലക്കാട് : കുട്ടികളില്‍ വിദ്യാഭ്യാസത്തോടൊപ്പം സഹാനുഭൂതിയും ദയയും വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് നിയമസഭാ സ്പീക്കര്‍
എ .എന്‍ ഷംസീര്‍ പറഞ്ഞു. കുലുക്കിലിയാട് എസ്.വി.എ.യു.പി സ്‌കൂളില്‍ നടന്ന കാരുണ്യ സഹായനിധി വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലുള്‍പ്പെടെ അധ്യാപകര്‍ക്ക് രക്ഷിതാവിന്റെ സ്ഥാനമാണുള്ളത്. കുട്ടികളിലെ കുറവുകള്‍ കണ്ടെത്തി അവരുടെ രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. മികച്ച വിദ്യാഭ്യാസവും ഭൗതിക സാഹചര്യങ്ങളുള്ള സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനാണ് രക്ഷിതാക്കള്‍ ശ്രമിക്കുന്നത്. സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്ന സാഹചര്യം ഉണ്ടായാല്‍ അധ്യാപകര്‍ സ്വയം പരിശോധന നടത്തണം.

 സ്‌കൂളുകളിലെ ഭൗതിക-അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ അഡ്വ. കെ പ്രേംകുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി മുഖ്യാതിഥിയായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ കുന്നത്ത്, പ്രധാന അധ്യാപകന്‍ പി.ബാബുരാജ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, പി.ടി.എ, എം.പി.ടി.എ പ്രതിനിധികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
 

Share this story