പുളിക്കല്‍ പഞ്ചായത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ തൂങ്ങിമരിക്കാന്‍ ഇടയായ സംഭവം ; പ്രതിഷേധം ശക്തം

google news
suicide

പുളിക്കല്‍ പഞ്ചായത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ തൂങ്ങിമരിക്കാന്‍ ഇടയായ സംഭവത്തില്‍ കുറ്റക്കാരായ പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം. മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ടി.വി ഇബ്രാഹീം എം.എല്‍.എ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ 9.30ന് പഞ്ചായത്തിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തും. പ്ലാന്റ് അടച്ചു പൂട്ടാന്‍ പഞ്ചായത്തിന് അധികാരമില്ലെന്നും കഴിഞ്ഞ യുഡിഎഫ് ഭരണ സമിതി ആണ് ലൈസന്‍സ് നല്‍കിയതെന്നുമാണ് പ്രസിഡന്റിന്റെ നിലപാട്.

ആരോഗ്യ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സ്വകാര്യ പ്ലാസ്റ്റിക് പ്ലാന്റിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഭരിക്കുന്ന മലപ്പുറം പുളിക്കല്‍ പഞ്ചായത്തില്‍ പരാതിക്കാരനായ റസാഖ് പയമ്പ്രോട്ട് തൂങ്ങിമരിച്ചത്. പ്ലാന്റ് കാരണം പരിസര പ്രദേശങ്ങളില്‍ ശ്വാസകോശ സംബന്ധമായ പല രോഗങ്ങളും പടരുന്നത് ചൂണ്ടിക്കാട്ടി പഞ്ചായത്തിനും വിവിധ വകുപ്പുകള്‍ക്കും റസാഖ് പരാതി നല്‍കിയിട്ടും ഫലമുണ്ടായിരുന്നില്ല. തന്റെ മൂത്ത സഹോദരന്‍ ശ്വാസകോശരോഗം ബാധിച്ച് മരിച്ചത് പ്ലാന്റിലെ പുക ശ്വസിച്ചാണെന്ന പരാതിയും ഇദ്ദേഹം പല തവണ ഉന്നയിച്ചിരുന്നു. എന്നാല്‍  പഞ്ചായത്ത് ഭരണ സമിതി ഈ വിഷയത്തില്‍ ഒരു നടപടിയും എടുത്തില്ലെന്ന് കുടുംബവും നാട്ടുകാരും  പറയുന്നു.

Tags