ബെംഗളൂരുവില്‍ മലയാളി യുവാക്കൾ പാര്‍ക്കിങ് ചോദ്യം ചെയ്ത വയോധികനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

X

ആക്രമണത്തിന് ശേഷം കാറില്‍ രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയതോടെ നാട്ടുകാർ വളയുകയായിരുന്നു.

ബെംഗളൂരു:  ഇലക്‌ട്രോണിക് സിറ്റിയില്‍ അനധികൃത പാർക്കിങ് ചോദ്യം ചെയ്ത വയോധികനെ കത്തികൊണ്ട് ആക്രമിച്ച രണ്ട് മലയാളി യുവാക്കള്‍ പിടിയില്‍. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ടാക്സിയില്‍ എത്തിയ യുവാക്കള്‍ റോഡില്‍ പാർക്ക് ചെയ്യുന്നത് ബിഎംടിസി മുൻ കണ്ടക്ടർ കൂടിയായ രാമചന്ദ്രൻ ചോദ്യം ചെയ്തതാണ് സംഘർഷത്തില്‍ കലാശിച്ചത്.പ്രതികളുടെ പേരുവിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആക്രമണത്തിന് ശേഷം കാറില്‍ രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയതോടെ നാട്ടുകാർ വളയുകയായിരുന്നു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇവർ നാട്ടുകാർക്ക് നേരെയും അക്രമം അഴിച്ചുവിട്ടു.

കല്ലുകളും ശീതളപാനീയ കുപ്പികളും ഉപയോഗിച്ച്‌ നാട്ടുകാരെ നേരിട്ട പ്രതികള്‍ പിന്നീട് സമീപത്തെ ബേക്കറിയിലേക്ക് ഓടിക്കയറി. എന്നാല്‍ നാട്ടുകാർ ബേക്കറിയുടെ ഷട്ടർ താഴ്ത്തി പൂട്ടിയ ശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പരപ്പന അഗ്രഹാര പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

പ്രതികളുടെ ബാഗ് പരിശോധിച്ചതില്‍ വെളുത്ത പൊടി നിറച്ച പാക്കറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മയക്കുമരുന്നാണോ എന്ന് സംശയിക്കുന്നതായും ഇതിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചതായും പോലീസ് അറിയിച്ചു. 

Tags