അമൃത വിശ്വവിദ്യാപീഠവും ഓറിയോൺ ഇന്നൊവേഷനും സംയുക്തമായി അപ്ലൈഡ് ജനറേറ്റീവ് എഐ ഇലക്ടീവ് പ്രോഗ്രാമിന് തുടക്കമിട്ടു
കൊല്ലം: അമൃത വിശ്വവിദ്യാപീഠവും പ്രമുഖ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് സേവന ദാതാക്കളായ ഓറിയോൺ ഇന്നൊവേഷനും സംയുക്തമായി അപ്ലൈഡ് ജനറേറ്റീവ് എഐ ഇലക്ടീവ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. വളർന്നു വരുന്ന കൃത്രിമബുദ്ധി സാങ്കേതികവിദ്യകളിലും അവയുടെ പ്രായോഗിക തലങ്ങളിലും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യവസായ-അക്കാദമിക് കൂട്ടായ്മയ്ക്ക് തുടക്കമായത്.

പ്രാരംഭഘട്ടത്തിൽ അമൃതയുടെ അമൃതപുരി, കോയമ്പത്തൂർ, ബെംഗളൂരു കാമ്പസുകളിലെ ആറാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായാണ് ഈ പ്രോഗ്രാം ലഭ്യമാക്കിയിട്ടുള്ളത്. നിലവിൽ എഴുപതിലധികം വിദ്യാർത്ഥികൾ ഇതിൽ പങ്കാളികളായിട്ടുണ്ട്. അക്കാദമിക് പഠനത്തെ ആധുനിക വ്യവസായ ലോകത്തെ പ്രായോഗിക അനുഭവങ്ങളുമായി സംയോജിപ്പിക്കുന്ന രീതിയിലാണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ലാർജ് ലാംഗ്വേജ് മോഡലുകൾ (എൽ എൽ എംസ്), പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, റിട്രീവൽ-ഓഗ്മെന്റഡ് ജനറേഷൻ (ആർ എ ജി), ഏജന്റിക് എഐ ഫ്രെയിംവർക്കുകൾ, റെസ്പോൺസിബിൾ എഐ, എൽഎൽഎം സെക്യൂരിറ്റി, ഫൈൻ-ട്യൂണിംഗ്, ഓട്ടോണമസ് ഏജന്റുകൾ തുടങ്ങിയ അത്യാധുനിക മേഖലകളാണ് ഇതിലൂടെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നത്. കൂടാതെ മൈക്രോസോഫ്റ്റ് അസൂർ എഐ ഫൗണ്ടറി, എഡബ്ല്യുഎസ് ബെഡ്റോക്ക്, ഗൂഗിൾ ജെമിനി, മൈക്രോസോഫ്റ്റ് കോപൈലറ്റ് സ്റ്റുഡിയോ, ഹഗ്ഗിംഗ് ഫേസ്, ലാംഗ്ചെയിൻ, ഒല്ലാമ, വെക്ടർ ഡാറ്റാബേസുകൾ തുടങ്ങിയ പ്രമുഖ എഐ പ്ലാറ്റ്‌ഫോമുകളിലും ടൂളുകളിലും വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയം ലഭിക്കും. ഇതിന്റെ ഭാഗമായി കോഴ്സിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് ഓറിയോൺ ഇന്നൊവേഷനിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കും. ഇത് വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ നിന്ന് ജോലിയിലേക്കുള്ള വഴി എളുപ്പമാക്കാൻ സഹായിക്കും.
അക്കാദമിക് മികവിനെ വ്യവസായ ലോകത്തെ പ്രായോഗിക ആവശ്യങ്ങളുമായി കൂട്ടിയോജിപ്പിക്കുന്നതിലാണ് വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന് അമൃത വിശ്വസിക്കുന്നുവെന്നും ഈ കൂട്ടായ്മയിലൂടെ അതിവേഗം വളരുന്ന എഐ സാങ്കേതികവിദ്യകളിലും വ്യവസായ ശൈലികളിലും നേരിട്ട് പരിചയം നേടാൻ വിദ്യാർത്ഥികൾക്ക് സാധിക്കുകയും ഇത് ഡിജിറ്റൽ യുഗത്തിലെ മികച്ച പ്രൊഫഷണലുകളായി മാറാൻ അവരെ പ്രാപ്തരാക്കുമെന്നും അമൃത കോർപ്പറേറ്റ് ആന്റ് ഇൻഡസ്ട്രി റിലേഷൻസ് വിഭാഗം മേധാവി ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ അഭിപ്രായപ്പെട്ടു.
.jpg)

