ക്ഷയരോഗ നിർമാർജനത്തിന് നൂറു ദിന കർമ്മപദ്ധതിയുമായി അമൃത ആശുപത്രി
കൊച്ചി: ക്ഷയരോഗത്തിനെതിരായ പോരാട്ടം ത്വരിതപ്പെടുത്താനുള്ള ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി കൊച്ചി അമൃത ആശുപത്രിയിലെ ക്ഷയരോഗ നിർമ്മാർജന യൂണിറ്റ് സംഘടിപ്പിക്കുന്ന നൂറു ദിന ടിബി നിർമാർജന ക്യാമ്പയിൻ എറണാകുളം ജില്ലാ ടിബി ഓഫീസർ ഡോ. സുനിത വി.എം, അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന കെ.വി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ജില്ലാ ടിബി സെന്ററിന്റെയും നാഷണൽ യൂത്ത് മൂവ്മെന്റ് എഗൈൻസ്റ്റ് ട്യൂബർകുലോസിസിന്റെയും (നൈമാറ്റ് ) സഹകരണത്തോടെയാണ് ക്യാമ്പയിൻ നടത്തുന്നത്.ടിബി അതിജീവിതരുടെ സംഗമം, പാലിയേറ്റീവ് കേന്ദ്രങ്ങളിലും ഹൈ-റിസ്‌ക് വിഭാഗത്തിലുള്ളവർ ക്കും ക്ഷയരോഗ സ്ക്രീനിങ്, ജില്ലാ ടിബി സെന്ററിന്റെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസുകൾ, മത്സരങ്ങൾ എന്നിവ കർമ്മപദ്ധതിയിൽ ഉൾപ്പെടുന്നു.പ്രമേഹ രോഗികളിൽ ക്ഷയരോഗം നേരത്തേ കണ്ടെത്താനുള്ള ഡയബറ്റിസ് - ടിബി ബൈഡയറക്ഷണൽ സ്ക്രീനിംഗ് വ്യാപകമാക്കാനുള്ള പദ്ധതിയുടെ സ്വിച്ച് ഓൺ
അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന കെ.വി, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എം. ഗോപാലകൃഷ്ണ പിള്ള എന്നിവർ ചേർന്ന് നിർവഹിച്ചു. ഇന്റർനാഷണൽ യൂണിയൻ എഗൈൻസ്റ്റ് ട്യൂബെർക്കുലോസിസ് ആൻഡ് ലംഗ് ഡിസീസ് എന്ന രാജ്യാന്താര സംഘടനയുടെ സാങ്കേതിക സഹകരണത്തോടെ ഈ പദ്ധതി ശ്വാസകോശരോഗവിഭാഗവും എൻഡോക്രൈനോളജി വിഭാഗവും നിലവിൽ നടത്തി വരുന്നു.
നൈമാറ്റ് ഇന്ത്യ പ്രസിഡന്റും നോഡൽ ഓഫീസറുമായ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.അഖിലേഷ് കെ, റെസ്പിറേറ്ററി മെഡിസിൻ വിഭാഗം മേധാവി ഡോ. അസ്മിത മേത്ത, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. വി അനിൽകുമാർ, ഫാർമക്കോളജി വിഭാഗം മേധാവി ഡോ. പ്രിൻസി പാലാട്ടി, ജനറൽ സർജറി വിഭാഗം പ്രൊഫസർ ഡോ. ജോർജ് മാത്യൂസ് ജോൺ എന്നിവരും മറ്റു വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.