അമൃത ഏജന്റിക് ലീപ് ബൂട്ട് ക്യാംപ് സമാപിച്ചു
അമൃതപുരി: കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെസഹകരണത്തോടെ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിലെ സ്കൂൾ ഓഫ് കംപ്യൂട്ടിങ് സംഘടിപ്പിച്ച അമൃത ഏജന്റിക് ലീപ് – ഏജന്റിക് എഐ ബൂട്ട് ക്യാംപ് 2026 വിജയകരമായി സമാപിച്ചു. അഞ്ചു ദിവസങ്ങളിലായി നടന്ന തീവ്ര പരിശീലന പരിപാടിയിൽ പ്രമുഖ ഐടി കമ്പനികളിലെ വിദഗ്ധരും അധ്യാപകരും ഗവേഷകരും വിദ്യാർഥികളും ഉൾപ്പെടെ നാനൂറോളം പേർ പങ്കെടുത്തു. ലളിതമായ നിർദ്ദേശങ്ങൾക്ക് മറുപടി നൽകുന്ന ജനറേറ്റീവ് എഐ രീതികൾക്ക് അപ്പുറത്തേക്ക്, സ്വയം ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സങ്കീർണ്ണമായ പ്രവൃത്തികൾ സ്വതന്ത്രമായി നിർവ്വഹിക്കാനും ശേഷിയുള്ള ഏജന്റിക് എഐ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാൻ പങ്കാളികളെ പ്രാപ്തരാക്കുന്നതായിരുന്നു ബൂട്ട് ക്യാംപ്.
വർദ്ധിച്ചുവരുന്ന എഐ സാങ്കേതികവിദ്യയും കോർപ്പറേറ്റ് ലോകത്തെ മാറ്റങ്ങളും ചർച്ച ചെയ്ത രണ്ടാം ദിനത്തിലെ സെഷനുകൾ ബൂട്ട് ക്യാംപിൽ ഏറെ ശ്രദ്ധേയമായി. അക്സെഞ്ചർ അഡ്വാൻസ്ഡ് ടെക്നോളജി സെന്റേഴ്സ് ഇൻഡ്യാ ലീഡ് അദിതി കുൽക്കർണി ഏജന്റിക് എഐ ഇൻ ദി എന്റർപ്രൈസ്: ട്രെൻഡ്സ്, ട്രാൻസ്ഫോർമേഷൻ ആൻഡ് ദി ഫ്യൂച്ചർ ഓഫ് വർക്ക് എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സാങ്കേതികവിദ്യ എത്രത്തോളം വളർന്നാലും തൊഴിൽ മേഖലയിലെ പ്രധാന തീരുമാനങ്ങളിൽ മനുഷ്യന്റെ മേൽനോട്ടം അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി. തുടർന്ന് സർവീസ്നൗവിൽ നിന്നുള്ള സ്വപ്നിൽ സൗരവ് ഏജന്റ് ആർക്കിടെക്ചറുകൾ, പ്ലാനർ-എക്സിക്യൂട്ടർ മാതൃകകൾ, മോഡൽ കോൺടെക്സ്റ്റ് പ്രോട്ടോക്കോൾ എന്നിവയെക്കുറിച്ച് പ്രായോഗിക പരിശീലനം നൽകി.
ഐബിഎം, നോക്കിയ, ഓറിയോൺ ഇന്നൊവേഷൻ, പബ്ലിസിസ് സാപ്പിയന്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ടെക്നിക്കൽ ലീഡർമാരും എഐ വിദഗ്ധരും വിവിധ ദിവസങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. പരിപാടിയുടെ അവസാന ദിനത്തിൽ ദേശീയതല ഏജന്റിക് എഐ ഹാക്കത്തോണും സംഘടിപ്പിച്ചിരുന്നു. ആരോഗ്യ സംരക്ഷണം, സുസ്ഥിരത, ഇൻഫർമേഷൻ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ തത്സമയ വെല്ലുവിളികൾക്ക് എഐ അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തിയാണ് അമൃതപുരിയിലെ യുവ ശാസ്ത്രപ്രതിഭകൾ ബൂട്ട് ക്യാംപിന് തിരശ്ശീലയിട്ടത്.
.jpg)

