സെൻസസ് ചട്ടങ്ങളിലെ ഭേദഗതികൾ പിൻവലിക്കണം: രാഷ്ട്രപതിക്ക് കത്തെഴുതി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി

Amendments to the Census Rules should be withdrawn: CPM General Secretary M.A. Baby writes to the President

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ സെൻസസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ പിൻവലിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. സെൻസസ് നടപടികൾക്ക് എന്യൂമറേറ്റർമാരായി അനുയോജ്യരായ ഏത് വ്യക്തിയെയും നിയമിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിവേചനാധികാരം നൽകുന്ന പുതിയ ഭേദഗതി തീർത്തും ആശങ്കാജനകമാണെന്ന് എം.എ. ബേബി കത്തിൽ ചൂണ്ടിക്കാട്ടി.

എയ്ഡഡ്-അൺഎയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ, ബാങ്ക് ഉദ്യോഗസ്ഥർ, പൊതുമേഖലാ സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, കമ്പനികൾ എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് പുറമെ അനുയോജ്യമെന്ന് തോന്നുന്ന ആരെയും സെൻസസ് എന്യൂമറേറ്ററായി നിയമിക്കാനാണ് പുതിയ ചട്ടം അനുവാദം നൽകുന്നത്. വ്യക്തമായ മാനദണ്ഡങ്ങളോ ഉത്തരവാദിത്തം ഉറപ്പാക്കുന്ന സംവിധാനങ്ങളോ ഇല്ലാതെ ഇത്തരത്തിൽ അനുമതി നൽകുന്നത് ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമായ നിയമനങ്ങൾക്ക് വഴിവെക്കുമെന്നും ഇത് മറുവശത്തുകൂടി രാഷ്ട്രീയ സ്വാധീനമുറപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സെൻസസ് നടപടികൾ പൗരന്മാരെ നിരീക്ഷിക്കാനോ, പൗരത്വം നിർണ്ണയിക്കാനോ, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് ആളുകളെ ഒഴിവാക്കാനോ ഉള്ള ഉപകരണമായി മാറ്റരുതെന്നും എം.എ. ബേബി വ്യക്തമാക്കി. മാതാപിതാക്കളുടെ മതം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ, പാസ്‌പോർട്ട്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതിനെതിരെ സിപിഎം നേരത്തെയും രജിസ്ട്രാർ ജനറലിന് പരാതി നൽകിയിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുള്ളതിനാൽ ഭേദഗതി എത്രയും പെട്ടെന്ന് റദ്ദാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

Tags