രോഗിയുമായി പോയ ആംബുലൻസ് അപകടത്തില്‍പ്പെട്ടു,രോഗി മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

ambulance1

മരിച്ച രാജിന്റെ കൂട്ടിരിപ്പുക്കാരായ രണ്ടുപേർക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്

ഇടുക്കി: കട്ടപ്പനയില്‍ രോഗിയുമായി പോയ ആംബുലൻസ് അപകടത്തില്‍പ്പെട്ടു. വാഹനത്തിനകത്തുണ്ടായ രോഗി മരിച്ചു.അണക്കര സ്വദേശി മറ്റത്തില്‍ എൻ കെ രാജൻ ആണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേർക്ക് പരിക്കേറ്റു. 

മരിച്ച രാജിന്റെ കൂട്ടിരിപ്പുക്കാരായ രണ്ടുപേർക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെ കട്ടപ്പന പുളിയൻമല സംസ്ഥാന പാതയിലാണ് അപകടം നടന്നത്.

ശ്വാസംമുട്ടലിനെ തുടർന്ന് രാജൻ അണക്കര അല്‍ഫോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കട്ടപ്പനയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ട ആംബുലൻസ് റോഡില്‍ നിന്നും മാറിയുള്ള കെട്ടിടത്തിന് സമീപത്തുള്ള സംരക്ഷണഭിത്തിയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു.അതേസമയം, ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് വഴിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Tags