വൈദ്യുതി കരാറുകളിൽ അഴിമതി ആരോപണം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ രണ്ട് വൈദ്യുതി കരാറുകളിലും വൻ അഴിമതി നടന്നതായി ആരോപിച്ച് സിപിഎം. വി ഇ എച്ച് ഗ്ലോബൽ ഇന്ത്യ (VEH Global India), ഹിമാചൽ പ്രദേശ് എന്നീ കരാറുകളിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.വി ഇ എച്ച് ഗ്ലോബൽ ഇന്ത്യയുമായി 200 മെഗാവാട്ടും ഹിമാചലിൽ നിന്ന് 900 മെഗാവാട്ടും വൈദ്യുതി വാങ്ങുന്നതിലൂടെ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നതായി സിപിഎം ആരോപിക്കുന്നു. കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന കാറ്റാടി വൈദ്യുതി വി ഇ എച്ച് ഗ്ലോബൽ ഇന്ത്യയിൽ നിന്ന് യൂണിറ്റിന് 11 രൂപ എന്ന ഇരട്ടിയിലധികം നിരക്കിലാണ് വാങ്ങിയത്. ഹിമാചലിൽ നിന്നുള്ള വൈദ്യുതിക്ക് എനർജി എക്സ്ചേഞ്ചിലെ നിരക്കിനേക്കാൾ ഏറ്റവും കൂടിയ തുകയാണ് നൽകേണ്ടിവരുന്നത്. ഈ കരാറുകൾ പ്രകാരം ഒക്ടോബർ മാസത്തിൽ മാത്രം 282 കോടി രൂപയുടെ വൈദ്യുതിയാണ് കെഎസ്ഇബി വാങ്ങിയത്.
ടെൻഡർ നടപടികളോ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ, നിയമ-ധന വകുപ്പുകളുടെ പരിശോധന പോലും ഒഴിവാക്കിയാണ് മുഖ്യമന്ത്രി നേരിട്ട് ഉത്തരവിറക്കിയതെന്ന് സിപിഎം കുറ്റപ്പെടുത്തുന്നു. സർക്കാരിനെ അനുകൂലിക്കുന്ന മാധ്യമങ്ങൾ പോലും ഈ ഇടപാടുകൾ വഴി ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. അഴിമതി നടത്തുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പല വകുപ്പുകളും നേരിട്ട് കൈവശം വെച്ചിരിക്കുന്നതെന്നും, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ നേതൃത്വം നൽകിയത് മുഖ്യമന്ത്രിയാണെന്നും സിപിഎം ആരോപിച്ചു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി സത്യം ജനങ്ങളെ അറിയിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
.jpg)

