കെ.എം.എസ്.സി.എൽ ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം ; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് കെ. മുരളീധരൻ

k muraleedharan

 തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. മാർച്ച് 11 മുതൽ മേയ് ആറ് വരെയുള്ള കാലയളവിൽ ബ്ലീച്ചിങ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് സർക്കാരിന് ഉണ്ടായെന്ന മാധ്യമവാർത്തകളെത്തുടർന്ന് മന്ത്രി കെ. മുരളീധരൻ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

കെ.എം.എസ്.സി.എൽ സ്വീകരിച്ച സംഭരണ നടപടിക്രമങ്ങൾ നിയമപരമാണോയെന്നും ബാധകമായ ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും കൃത്യമായി പാലിച്ചിട്ടുണ്ടോയെന്നും അന്വേഷണത്തിൽ പരിശോധിക്കും. ബ്ലീച്ചിങ് പൗഡർ വാങ്ങിയത് ന്യായമായ വിലയ്ക്കാണോയെന്നും, വാങ്ങിയ പൗഡറിന്റെ ഗുണനിലവാരവും യഥാർത്ഥ ആവശ്യകതയും എത്രത്തോളമുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കണം. ഈ ഇടപാടിലൂടെ സർക്കാരിന് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ടെത്തലുകളും തുടർ നടപടിക്കുള്ള ശിപാർശകളും ഉൾപ്പെടെയുള്ള വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ സർക്കാർ ഫണ്ട് ധൂർത്തടിച്ചെന്ന ആരോപണം ആരോഗ്യമേഖലയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Tags