മരിച്ച വയോധികന്റെ സ്വത്തെല്ലാം സഹോദരന്റെ പേരില്‍; മരണത്തില്‍ ദുരൂഹതയെന്ന് പരാതി ; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും
മാര്‍ച്ച് 24 ന് പുലിയൂര്‍ സെന്റ് മേരീസ് ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിലാണ് യേശുദാസിന്റെ മൃതദേഹം സംസ്‌കരിച്ചത്.
വയോധികന്റെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ സ്വദേശി പുലിയൂര്‍ വാര്‍ഡ് ഒന്നില്‍ പടിഞ്ഞാറേ പറമ്പില്‍ പുത്തന്‍ വീട്ടില്‍ യേശുദാസിന്റെ (74) മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പുറത്തെടുക്കും. ചെങ്ങന്നൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് മൃതദേഹം പുറത്തെടുക്കാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ മാര്‍ച്ച് 20-നാണ് യേശുദാസ് അന്തരിച്ചത്.
മാര്‍ച്ച് 24 ന് പുലിയൂര്‍ സെന്റ് മേരീസ് ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിലാണ് യേശുദാസിന്റെ മൃതദേഹം സംസ്‌കരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മരുമകള്‍ ലീന ബിന്‍സ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇപ്പോള്‍ കോടതിയുടെ നടപടി. യേശുദാസിന്റെ പേരിലുണ്ടായിരുന്ന വലിയ തുകയുടെ ബാങ്ക് ബാലന്‍സും വസ്തുവകകളും സഹോദരനായ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതായും, ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. യേശുദാസിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്നും എന്നിട്ടും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കൂടാതെയാണ് സംസ്‌കാരം നടന്നതെന്നും പോലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അയല്‍വാസികളും യേശുദാസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ഏപ്രില്‍ 1-ന് ചെങ്ങന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരണകാരണം വ്യക്തമാക്കുന്നതിന് മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഷാജു എം. എസ് ഉത്തരവില്‍ വ്യക്തമാക്കി. ഏപ്രില്‍ 21-ന് (ചൊവ്വാഴ്ച) രാവിലെ 10:30-ന് പുലിയൂര്‍ പള്ളി സെമിത്തേരിയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കും.
.jpg)

