അടുത്ത മൂന്ന് മണിക്കൂർ ജാഗ്രത ; വടക്കൻ കേരളത്തിൽ റെഡ് അലർട്ട്, സംസ്ഥാനത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂർ മാത്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മരച്ചുവട്ടിലും ബലക്ഷയമുള്ള കെട്ടിടങ്ങൾക്കും സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അനാവശ്യ യാത്രകളും പരമാവധി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അധികൃതർ നിർദേശിക്കുന്നു.
.jpg)

