മദ്യം സൂക്ഷിച്ച കേസ് ; ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Setback for Anto Augustine; High Court rules bail cannot be granted in the case involving the seizure of excess liquor.

 വീട്ടിൽ പരിധിയിൽക്കവിഞ്ഞ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. വാഴവറ്റയിലെ മദ്യം പിടികൂടിയ വീട് തന്റെ പേരിലല്ലെന്ന ആന്റോയുടെ വാദം മറികടക്കുന്നതിനുള്ള രേഖകളുമായാണ് എക്‌സൈസ് കോടതിയെ സമീപിക്കുന്നത്. ഇതിനായി മുട്ടിൽ പഞ്ചായത്തിൽനിന്നടക്കം എക്‌സൈസ് തെളിവുകൾ ശേഖരിച്ചു.

2025ലെ കെട്ടിടനികുതി 2026 മാർച്ചിൽ അടച്ചതായാണ് പഞ്ചായത്ത് രേഖകളിലുള്ളത്. വീട് നിർമിച്ച് പത്ത് വർഷത്തിന് ശേഷം, 2022ൽ ഉപയോഗരീതി മാറ്റുന്നതിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. ഹോംസ്റ്റേ ഉൾപ്പെടെയുള്ള വാണിജ്യ ആവശ്യങ്ങൾക്കായി വീട് ഉപയോഗിക്കുന്നതിനായിരുന്നു അനുമതി തേടിയത്. തുടർന്ന് പഞ്ചായത്ത് നടത്തിയ പരിശോധനയിൽ കെട്ടിടനിർമാണം അനുവദിച്ച പെർമിറ്റിൽനിന്ന് വ്യത്യസ്തമാണെന്ന് കണ്ടെത്തി. ഇത് ക്രമവത്കരിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ സ്റ്റോപ്പ് മെമ്മോയും നൽകിയിരുന്നു.

ഇതിനിടെ വാഴവറ്റയിലെ വീട്ടിൽ സ്ഥാപിച്ചിരുന്ന 22 സിസിടിവി ക്യാമറകളിലെയും ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി. ക്യാമറകളിലെ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിആർ തന്നെ എടുത്തുമാറ്റിയ നിലയിലാണെന്നാണ് എക്‌സൈസിന്റെ കണ്ടെത്തൽ. മദ്യം പിടികൂടിയ വീട്ടിന്റെ ഉടമസ്ഥതയും കെട്ടിടത്തിന്റെ ഉപയോഗവും സംബന്ധിച്ച രേഖകൾക്കൊപ്പം ഈ സാഹചര്യവും കേസിൽ ശ്രദ്ധേയമാകുകയാണ്.

ആന്റോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ വീട് സംബന്ധിച്ച രേഖകളും പഞ്ചായത്തിൽനിന്ന് ശേഖരിച്ച വിവരങ്ങളും എക്‌സൈസ് കോടതിയിൽ ഹാജരാക്കും. അതേസമയം, 22 സിസിടിവി ക്യാമറകളുടെയും ദൃശ്യങ്ങൾ കാണാതായതും ഡിവിആർ നീക്കം ചെയ്തതും കേസിലെ അന്വേഷണത്തിൽ കൂടുതൽ പരിശോധനയ്ക്ക് വഴിവെച്ചേക്കും.

Tags