വീട്ടിൽ മദ്യം കണ്ടെത്തിയ സംഭവം; ആന്റോ അഗസ്റ്റിൻ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

Alcohol found at home; Anto Augustine in excise custody, to be questioned until tomorrow afternoon

കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യുന്നതിനായാണ് എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടത്. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇന്നുതന്നെ ആന്റോയെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് എക്‌സൈസ് നീക്കം.

കേസുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യുന്നതിനായി ആന്റോയെ നാലുദിവസം കസ്റ്റഡിയില്‍ വിട്ടുതരണമെന്നായിരുന്നു എക്‌സൈസും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നത്. ബുധനാഴ്ച വൈകിട്ടാണ് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വീട്ടില്‍നിന്ന് 43.850 ലീറ്റര്‍ വിദേശനിര്‍മിത മദ്യവും വൈനും ഉള്‍പ്പെടെ എക്സൈസ് സംഘം കണ്ടെടുത്തത്. തുടര്‍ന്ന് അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യുകയും കഴിഞ്ഞ ദിവസം രാവിലെ എറണാകുളത്തുനിന്ന് ആന്റോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മദ്യത്തിന്റെ ഉറവിടം ഉള്‍പ്പെടെ കണ്ടെത്തുന്നതിനായി കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.


 

Tags