സംസ്ഥാനത്ത് ആശങ്കജനകമായി എലിപ്പനി ബാധിച്ചുള്ള മരണം

leptospirosis

 തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ചുള്ള മരണങ്ങൾ ആശങ്കജനകമായ രീതിയിൽ ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്തും കോഴിക്കോട്ടുമായി രണ്ടുപേർ കൂടി എലിപ്പനി ബാധിച്ച് മരണപ്പെട്ടു. ഈ മാസം ഒരാഴ്ച പിന്നിടുമ്പോൾ മാത്രം ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. സ്ഥിതിഗതികൾ ഗുരുതരമായതോടെ സംസ്ഥാനത്തെ എലിപ്പനി ചികിത്സാ മാനദണ്ഡങ്ങളിൽ ഉടൻ ഭേദഗതി വരുത്താനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്.

കേരളത്തിൽ നിലവിലുണ്ടാകുന്ന പകർച്ചവ്യാധി മരണങ്ങളിൽ 50 ശതമാനത്തിലേറെയും എലിപ്പനി മൂലമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. എ. അൽത്താഫ് വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ പ്രതിവർഷം 300 മുതൽ 400 വരെ ആളുകൾ എലിപ്പനി മൂലം മരണപ്പെടുന്നുണ്ട്. രോഗലക്ഷണങ്ങൾ കണ്ടയുടൻ സ്വയംചികിത്സ ഒഴിവാക്കി കൃത്യമായ ചികിത്സ തേടിയാൽ ഈ മരണങ്ങൾ പൂർണ്ണമായി ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യവകുപ്പ് നടത്തിയ തൊഴിൽവിഭാഗം തിരിച്ചുള്ള വിശകലനത്തിൽ എലിപ്പനി ബാധിച്ച് മരിക്കുന്നവരിൽ ഭൂരിഭാഗവും ദിനബദ്ധ തൊഴിലാളികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മഴക്കാലത്ത് ചെളിവെള്ളത്തിലും വെള്ളക്കെട്ടുകളിലും ജോലി ചെയ്യേണ്ടി വരുന്നതാണ് ഇവർക്ക് കൂടുതൽ രോഗബാധയുണ്ടാക്കുന്നത്. എലി, അണ്ണാൻ, പൂച്ച, പട്ടി, കന്നുകാലികൾ എന്നിവയുടെ വിസർജ്യത്താൽ മലിനമായ വെള്ളവുമായും മണ്ണുമായും നേരിട്ട് സമ്പർക്കത്തിൽ വരുന്നതിലൂടെയാണ് ബാക്ടീരിയ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത്.

Tags