ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

supream court

2026 ഓഗസ്റ്റ് 15-ന് രാത്രി കരുവാറ്റയിലെ വാടകവീട്ടിൽ വെച്ചാണ് ശിവൻകുട്ടി ചെട്ടിയാർ കൊല്ലപ്പെട്ടത്

ഡൽഹി : ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി. പ്രതിയെ പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി.

ഹർജിയിലെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.പിന്നെ എങ്ങനെയാണ് തെളിവെടുപ്പ് നടത്തേണ്ടതെന്ന് കോടതി ചോദിച്ചു.

പൊലീസ് ഉറപ്പുനൽകിയ സാഹചര്യത്തിൽ നിലവിലെ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. ഹർജിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. പ്രായപൂർത്തിയാകാത്ത പ്രതിക്കായി അഭിഭാഷകൻ ലക്ഷ്മീഷ് എസ്. കമ്മത്തും സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫും ഹാജരായി.

2026 ഓഗസ്റ്റ് 15-ന് രാത്രി കരുവാറ്റയിലെ വാടകവീട്ടിൽ വെച്ചാണ് ശിവൻകുട്ടി ചെട്ടിയാർ കൊല്ലപ്പെട്ടത്. 13 വയസ്സുകാരിയായ കൊച്ചുമകളും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളുമാണ് കേസിലെ പ്രതികൾ.

സ്വർണവും പണവും കവർച്ച ചെയ്യാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ജുവനൈൽ ജസ്റ്റിസ് ബോർഡും ഹൈക്കോടതിയും നേരത്തെ അനുമതി നൽകിയിരുന്നു

Tags