റെയിൽവേ സ്റ്റേഷനിൽ അടിയന്തരമായി പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പുന:സ്ഥാപിക്കണം: കെ.സി. വേണുഗോപാൽ എം.പി
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നേരിടുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിൻ്റെ പ്രവർത്തനം താൽക്കാലിക സംവിധാനം ഒരുക്കി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ദക്ഷിണ റെയിൽവേ ഡിവിഷണൽ റെയിൽവേ മാനേജർക്ക് കത്ത് നൽകി.
റെയിൽവേ സ്റ്റേഷനിലെ നവീകരണ-നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലുണ്ടായിരുന്ന പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ നീക്കം ചെയ്തിരുന്നു. എന്നാൽ ഇതിന് പകരം യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനുള്ള ബദൽ സംവിധാനം ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല. ഇതുമൂലം സ്റ്റേഷനിലെത്തുന്ന യാത്രക്കാർ, പ്രത്യേകിച്ച് ദൈനംദിന യാത്രക്കാർ, മുതിർന്ന പൗരന്മാർ, വിനോദസഞ്ചാരികൾ എന്നിവർ ഏറെ ബുദ്ധിമുട്ടുകയാണ്. ദീർഘനേരം കാത്തുനിൽക്കേണ്ടിവരുന്നതിന് പുറമെ അമിതമായ ഓട്ടോ നിരക്ക് ഈടാക്കുന്നതായുള്ള പരാതികളും ഉയരുന്നുണ്ട്.
പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പുനഃസ്ഥാപിക്കണമെന്ന ആവശ്യം നേരത്തെ തന്നെ റെയിൽവേ ജനറൽ മാനേജരുടെയും ഡിവിഷണൽ റെയിൽവേ മാനേജരുടെയും ശ്രദ്ധയിൽ പലതവണ കൊണ്ടുവന്നിട്ടുണ്ടെന്ന് കെ.സി. വേണുഗോപാൽ എം.പി. കത്തിൽ ചൂണ്ടിക്കാട്ടി.
സ്ഥിരം സംവിധാനത്തിനായി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ (MPLADS) നിന്ന് തുക അനുവദിക്കുന്നതിന് താൻ സന്നദ്ധത അറിയിച്ചിട്ടും, ഇതിനാവശ്യമായ ചെലവ് എസ്റ്റിമേറ്റും പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കി സമർപ്പിക്കാൻ ഡിവിഷൻ ഇതുവരെ തയ്യാറായിട്ടില്ല. ഇതുമൂലം പൂർണമായും ഒഴിവാക്കാനാകുമായിരുന്ന കാലതാമസമാണ് ഉണ്ടായിരിക്കുന്നത്.
യാത്രക്കാർക്ക് അടിയന്തര ആശ്വാസം നൽകുന്നതിനായി സ്റ്റേഷൻ പരിസരത്ത് താൽക്കാലിക പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ആരംഭിക്കണമെന്നും, സ്ഥിരം കൗണ്ടർ സ്ഥാപിക്കുന്നതിനായി ആവശ്യമായ എസ്റ്റിമേറ്റും പ്രോജക്ട് റിപ്പോർട്ടും അടിയന്തരമായി സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്റ്റിമേറ്റ് സമർപ്പിക്കാൻ വൈകുന്നതിലുള്ള അതൃപ്തി എംപി റെയിൽവേ അധികൃതരെ അറിയിച്ചു. MPLADS ഫണ്ട് ഉപയോഗിച്ച് സ്ഥിരം സംവിധാനം വേഗത്തിൽ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് എടിഎം കൗണ്ടർ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ലീഡ് ബാങ്ക് മാനേജർക്കും എംപി നിർദ്ദേശം നൽകി.
പ്രീപെയ്ഡ്, പാർക്കിംഗ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പോലീസ്, റെയിൽവേ അധികൃതർ, യൂണിയൻ പ്രതിനിധികൾ എന്നിവരുമായി സംസാരിച്ചു പ്രശ്ന പരിഹാരം കാണാൻ ജില്ലാ കളക്ടറോട് എംപി ആവശ്യപ്പെട്ടു.
.jpg)

