ആലപ്പുഴ ദേശീയപാതയിലെ ഗർത്തം
ആലപ്പുഴ: ദേശീയപാതയിൽ വലിയ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്താൻ ആലപ്പുഴ ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കളക്ടറുടെ ഈ കർശന നടപടി. ദേശീയപാത അതോറിറ്റിയുടെയും ജല അതോറിറ്റിയുടെയും മാനദണ്ഡങ്ങൾ പൂർണ്ണമായും കാറ്റിൽപ്പറത്തിയാണ് പാതയ്ക്ക് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതീവ സുരക്ഷ വേണ്ട ദേശീയപാതയ്ക്ക് അടിയിലൂടെ ശക്തമായ ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കേണ്ടിടത്ത്, വില കുറഞ്ഞ ഫൈബർ പൈപ്പുകളാണ് കരാറുകാരൻ സ്ഥാപിച്ചത്. ഫൈബർ പൈപ്പുകൾ മാറ്റി പകരം ഇരുമ്പ് പൈപ്പുകൾ തന്നെ സ്ഥാപിക്കണമെന്ന് ജല അതോറിറ്റി കരാറുകാരന് കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. ഇതിനെത്തുടർന്ന് പൈപ്പ് പൊട്ടുകയും ശക്തമായ ഒഴുക്കിൽ മണ്ണൊലിച്ച് റോഡിനടിയിൽ വലിയ ഗർത്തം രൂപപ്പെടുകയുമായിരുന്നു.
കളക്ടർ ഇപ്പോൾ പുതിയ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും, മുൻപുണ്ടായ അപകടങ്ങൾക്ക് പിന്നാലെ പ്രഖ്യാപിച്ച ഓഡിറ്റുകളെല്ലാം ഇപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് കേരളത്തിലുടനീളം ഭീഷണിയുയർത്തുന്ന 387 അപകടമേഖലകളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും ഈ പരിശോധനകൾ പൂർത്തിയായിട്ടില്ല. അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിനിടെ ഭീമൻ ഗർഡർ തകർന്ന് വീണ് ഒരാൾ മരിച്ച സംഭവത്തിലും സുരക്ഷാ ഓഡിറ്റ് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയില്ല.
.jpg)

