ആലപ്പുഴയിൽ ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം : കെ.സി.വേണുഗോപാല്‍ എംപി


ആലപ്പുഴ : ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മ്മാണത്തിലിരുന്ന ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ തകര്‍ന്ന വീണ സംഭത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ.സി.വേണുഗോപാല്‍ എംപി. ഉയരപ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും വിലയിരുത്തുന്നതിന് ഒരു സാങ്കേതിക സംഘത്തെ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് അദ്ദേഹം കത്തു നല്‍കി.
തിരക്കേറിയ സ്ഥലത്താണ് ഇപ്പോള്‍ അപകടം ഉണ്ടായത്. ആ സമയത്ത് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആ പരിസരത്ത് ഇല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്. ഉയരപ്പാതയുടെ നിര്‍മ്മാണ ജോലിക്കായുള്ള തൊഴിലാളികള്‍ താമസിക്കുന്നതിന് സമീപത്തെ ഗര്‍ഡറാണ് തകര്‍ന്നത്. ഇത് ഈ പദ്ധതിയുടെ നിര്‍മ്മാണ നിലവാരത്തെയും സുരക്ഷാ മാനദണ്ഡങ്ങളെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
ഈ അപകടം പ്രദേശവാസികളെ ഒന്നടങ്കം അസ്വസ്ഥരാക്കുന്നതും സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക വര്‍ധിപ്പിക്കുന്നതുമാണ്.കൂടാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത സംശയനിഴലിലാണ്. നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് പരിശോധന നടത്തണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.
