ആലപ്പുഴയിൽ അഞ്ചുകിലോ കഞ്ചാവുമായി നാലുപേര്‍ പിടിയിൽ

ആലപ്പുഴ : ഒഡിഷയില്‍നിന്ന് എത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി നാലുപേര്‍ പിടിയിൽ. ജില്ല ലഹരിവിരുദ്ധ സംഘവും ചേര്‍ത്തല പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് മാവേലിക്കര പള്ളിക്കല്‍ പ്രണവ് ഭവനില്‍ പ്രവീണ്‍ (കൊച്ചുപുലി -23), ചാരുംമൂട് കോമല്ലൂര്‍ വെട്ടത്തുചിറയിരം അനന്തകൃഷ്ണന് (24), പള്ളിക്കല്‍ തെക്കേക്കര ശാന്തഭവനം മിഥുന് (24), ഭരണിക്കാവ് സജിത് ഭവനം സജിത് (21) എന്നിവർ പിടിയിലായത്. കഞ്ചാവുമായി ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കായംകുളത്തേക്കു ബസ് കാത്തുനില്‍ക്കുമ്പോഴാണ് പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് നാലുലക്ഷത്തോളം വില വരും.
സംഘം മാസത്തിൽ മൂന്നും നാലും തവണ ഒഡിഷയിലും ആന്ധ്രയിലും പോയാണ് കഞ്ചാവ് എത്തിക്കുന്നത്. നിരവധി മയക്കുമരുന്നു കേസില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സംഘം ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ എത്തിച്ച് ആലപ്പുഴ, എറണാകുളം ജില്ലകളില്‍ വിതരണം നടത്താറുള്ളതായും കണ്ടെത്തി.
നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി സജിമോൻ, ചേര്‍ത്തല ഡിവൈ.എസ്.പി ബെന്നി, ചേര്‍ത്തല ഇന്‍സ്പെക്ടർ ബി. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.