ആലപ്പുഴയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
Jun 15, 2025, 11:22 IST


ആലപ്പുഴ: ആലപ്പുഴയിൽ കാർ കനാലിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നംഗ സംഘം സഞ്ചരിച്ച കാറാണ് മറിഞ്ഞത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. അപകടത്തിൽ തത്തംപള്ളി സ്വദേശി ബിജോയ് ആന്റണി ആണ് മരിച്ചത്. ബിജോയിയുടെ ജന്മദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഭക്ഷണം കഴിക്കാനായി പോയവരാണ് അപകടത്തിൽപ്പെട്ടത്.
വാഹനം ഓടിച്ചിരുന്നത് ബിജോയ് ആയിരുന്നു. അപകടം സംഭവിച്ചതോടെ സുഹൃത്തുക്കൾ രണ്ട് പേരും നീന്തി രക്ഷപ്പെട്ടിരുന്നു. എന്നാൽ ബിജോയി കാറിൽ കുടുങ്ങി പോവുകയായിരുന്നു. തുടർന്ന് കാറിന്റെ ഡോർ ഫയർഫോഴ്സ് വെട്ടിപ്പൊളിച്ചാണ് ബിജോയെ പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലായിരുന്ന ബിജോയിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
