'ചെങ്കൊടി താഴ്ത്തിക്കെട്ടാന്‍ ആരെയും അനുവദിക്കില്ല, അത്രക്ക് മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തി’ : എ.കെ. ബാലൻ

'No one will be allowed to lower the red flag, that is how great the relevance of this flag is': A.K. Balan
'No one will be allowed to lower the red flag, that is how great the relevance of this flag is': A.K. Balan

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളന നഗരിയിൽ കേന്ദ്ര കമ്മിറ്റി അം​ഗം എ.കെ ബാലൻ പതാക ഉയർത്തി. ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ചെങ്കൊടിയെന്ന് എ.കെ. ബാലൻ. ചെങ്കൊടി താഴ്ത്തിക്കെട്ടാന്‍ ആരെയും അനുവദിക്കില്ലെന്നും അത്രക്ക് മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തിയെന്നും ബാലൻ പറഞ്ഞു.

പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിനിധിസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് സമ്മേളനത്തിന്‌ കൊടി ഉയർന്നത്. ഇന്ന് ചെങ്കൊടിയുടെ പ്രസ്ഥാനം തിരിച്ചറിവോടുകൂടി ശക്തിപ്പെടുകയാണ്. ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി.

അങ്ങനെ പരിശോധിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി ദിനംപ്രതി ബോധ്യമാവുന്നത്. അതുകൊണ്ട് ആത്മവിശ്വാസത്തോടുകൂടി നമ്മുടെ പ്രത്യയ ശാസ്ത്രത്തെ, രാഷ്ട്രീയത്തെ, സംഘടനാ തത്വങ്ങളെ മുറുകെ പിടിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാനാവൂവെന്ന് ബാലൻ പറഞ്ഞ​ു.

ഈ കൊടി താഴ്ത്തിക്കെട്ടാന്‍ ആരെയും അനുവദിച്ചുകൂടാ. അത്രക്ക് മഹത്തരമാണ് ഈ കൊടി. ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമായ ചെങ്കൊടിയാണിവിടെ ഉയര്‍ത്തിയത്.

വര്‍ഗസമൂഹം ഉടലെടുത്ത നാള്‍മുതല്‍ ചൂഷണത്തിനെതിരേ സമരം ചെയ്ത, ചൂഷിതരുടെ ചോരയില്‍ കുതിര്‍ന്നാണ് ഈ കൊടിയുടെ നിറം ചുവപ്പായതെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു സി.പി.എം. കോഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു.

സി.പി.എം പ്രതിനിധി സമ്മേളന ചർച്ചകൾ വെള്ളിയും ശനിയും തുടരും. ശനിയാഴ്ച വിവിധ പ്രമേയാവതരണങ്ങളും നടക്കും. നവകേരളത്തിനുള്ള പുതുവഴികൾ എന്ന വികസന രേഖ പ്രതിനിധി സമ്മേളനത്തിൽ പ്രധാന ചർച്ചയാകും. പ്രതിനിധി സമ്മേളനത്തിന്‍റെ അവസാന ദിനമായ ഒമ്പതിന് ചർച്ചകൾക്കുള്ള മറുപടിയും റിപ്പോർട്ട് അംഗീകരിക്കലും അഭിവാദ്യ പ്രസംഗങ്ങളും നടക്കും.

തുടർന്ന്, സംസ്ഥാന കമ്മിറ്റിയെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തിരഞ്ഞെടുക്കും. ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണവും ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള ചർച്ചയും ഇതോടനുബന്ധിച്ച് നടക്കും. 38,426 ബ്രാഞ്ച് സമ്മേളനങ്ങളും 2444 ലോക്കൽ സമ്മേളനങ്ങളും 210 ഏരിയ സമ്മേളനങ്ങളും 14 ജില്ല സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിലേക്കെത്തിയത്.

സമ്മേളനത്തിന്‍റെ പരിസമാപ്തി കുറിച്ച് ഞായറാഴ്ച വൈകീട്ട് മൂന്നിന് കാൽ ലക്ഷം റെഡ് വളന്‍റിയർമാർ അണിനിരക്കുന്ന മാർച്ചും രണ്ടു ലക്ഷം പേർ പങ്കെടുക്കുന്ന പ്രകടനവും നടക്കും. റെഡ് വളന്‍റിയർ മാർച്ച് പീരങ്കി മൈതാനം, ഹൈസ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് ആശ്രാമത്ത് സമാപിക്കും. പ്രകടനം പീരങ്കി മൈതാനം, ശാരദാമഠം, കടപ്പാക്കട, ഹൈസ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് ആശ്രാമത്ത് സമാപിക്കും. വൈകീട്ട് അഞ്ചിന് ആശ്രാമം മൈതാനത്ത് പൊതുസമ്മേളനം നടക്കും.

Tags