കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം ; എകെ ബാലൻ പതാക ഉയർത്തി

CPM state conference begins in Kollam; AK Balan hoists the flag
CPM state conference begins in Kollam; AK Balan hoists the flag

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം. കൊല്ലം ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് സംസ്ഥാനത്തെമ്പാട് നിന്നും പങ്കെടുക്കുന്നത്.

രാവിലെ മുതിർന്ന അംഗം എകെ ബാലൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ തുടങ്ങിയത്. ഇനി പാർട്ടി പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മേളനത്തിൽ വയ്ക്കും. ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും.

സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപം ഉൾപ്പെടെ ആകർഷിക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ളതാണ് നയരേഖ. പ്രായപരിധി കർശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എ.കെ. ബാലൻ, ആനാവൂർ നാഗപ്പൻ, പി.കെ. ശ്രീമതി എന്നിവർ ഒഴിവാകും. പി.ശശി അടക്കമുള്ളവരെ പുതുതായി ഉൾപ്പെടുത്താനാണ് സാധ്യത. സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരും.

സിപിഎമ്മിൻ്റെ ഈ സംസ്ഥാന സമ്മേളനം കേരളത്തിന്റെ മാറ്റത്തിന് നാന്ദി കുറിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സ്വകാര്യ നിക്ഷേപങ്ങൾക്കായി കേരളം തുറന്ന് വെക്കും. സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ ഉയരാൻ പോവുകയാണ്. അംബാനിയെയും അദാനിയെയും ആവശ്യമില്ല.

കേരളത്തിൽ നിന്ന് തന്നെ മുതലാളിമാർ ഉയർന്നു വരും. പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കും. അടുത്ത തവണയും സംസ്ഥാനത്ത് എൽഡിഎഫ് അധികാരത്തിലെത്തും. തെരഞ്ഞെടുപ്പിൽ ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. പിണറായി വിജയൻ മത്സരിക്കണമോ എന്ന് പോലും ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അക്കാര്യം സമയമാകുമ്പോൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags