ആരെയെങ്കിലും എം.എൽ.എയൊ മന്ത്രിയൊ ആക്കുകയല്ല, പിണറായി വിജയൻ സർക്കാറിനെ താഴെയിറക്കുക എന്നതായിരിക്കണം​ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ പ്രവർത്തകരു​ടെ ലക്ഷ്യം - എ.കെ. ആന്റണി

ak antony

 തിരുവനന്തപുരം: ആരെയെങ്കിലും എം.എൽ.എയൊ മന്ത്രിയൊ ആക്കുകയല്ല, പിണറായി വിജയൻ സർക്കാറിനെ താഴെയിറക്കുക എന്നതായിരിക്കണം​ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ പ്രവർത്തകരു​ടെ ലക്ഷ്യമെന്ന്​ കോൺഗ്രസ്​ പ്രവർത്തക സമിതി അംഗം എ.കെ ആൻറണി. വീക്ഷണം സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

tRootC1469263">

തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തവർ വിഷമിക്കേണ്ടതില്ല. മത്സരിക്കാൻ ടിക്കറ്റ് ഇല്ലെങ്കിൽ, നമ്മുടെ സർക്കാർ വരുമ്പോൾ എല്ലാവർക്കും അവസരമുണ്ടാകും. സീറ്റ് കിട്ടിയില്ലെന്ന് കരുതി ആരും പണിയെടുക്കാതിരിക്കരുത്. പിണറായി ഭരണം അവസാനിപ്പിച്ച് യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ അന്തസായി, ധൈര്യമായി നിങ്ങൾക്ക് അർഹമായത് ചോദിക്കാൻ കഴിയുമെന്നും എ.കെ ആന്റണി കൂട്ടിച്ചേർത്തു.

1977ലെ തെരഞ്ഞെടുപ്പിലാണ് കേരളത്തിൽ കോൺഗ്രസും യു.ഡി.എഫും ഐതിഹാസിക വിജയം നേടിയത്. തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർഥി പട്ടിക വന്നപ്പോൾ തച്ചടി പ്രഭാകരന് സീറ്റ് ഉണ്ടായിരുന്നില്ല. കമ്യൂണിസ്റ്റ് കോട്ടകളിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കാൻ പാടുപെട്ട നേതാവായിരുന്നു തച്ചടി. തച്ചടിക്ക്​ പകരം തൃശൂർക്കാരനായ വി.എം സുധീരനെയാണ് ആലപ്പുഴയിൽ സ്ഥാനാർഥിയാക്കിയത്. തീരുമാനം എല്ലാവരിലും നിരാശക്കും പ്രതിഷേധത്തിനും കാരണമായി. പക്ഷെ, തച്ചടി പ്രഭാകരൻ എടുത്ത നിലപാട് ചരിത്രമാണ്. തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും പാർട്ടി ജയിക്കണമെന്ന വാശിയോടെ അദ്ദേഹം രാവും പകലും വിശ്രമമില്ലാതെ പ്രവർത്തിച്ചു. പാർട്ടിക്ക് വേണ്ടി വിട്ടുവീഴ്ചചെയ്ത തച്ചടി പ്രഭാകരനെ കാലം കൈവിട്ടില്ല. 1980ൽ കായംകുളത്ത് അദ്ദേഹം സ്ഥാനാർഥിയായി. മൂന്നു വർഷം കഴിഞ്ഞ് അദ്ദേഹം കേരളത്തിന്റെ ധനമന്ത്രിയായി. കോളജിൽ പോകാത്ത തച്ചടി പ്രഭാകരൻ കേരളം കണ്ട ഏറ്റവും മികച്ച ധനമന്ത്രിമാരിൽ ഒരാളായി. സ്ഥാനാർഥി പ്രഖ്യാപനം വരുമ്പോൾ ടിക്കറ്റ് ലഭിക്കാത്ത സുഹൃത്തുക്കൾ തച്ചടി പ്രഭാകരനെ മാതൃകയാക്കണമെന്നും ആൻറണി പറഞ്ഞു.


 

Tags