പ്രതിപക്ഷ നേതാവ് ഒരു കത്ത് കൊടുത്താല്‍ വിഷയം തീരും എന്ന ധാരണ വേണ്ട, അതൊരു ഏകാധിപത്യ ശൈലിയാണ് : പിണറായിക്കെതിരെ എഐവൈഎഫ്

aiyf

 കോട്ടയം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി എഐവൈഎഫ്. പ്രതിപക്ഷ നേതാവ് ഒരു കത്ത് കൊടുത്താല്‍ വിഷയം തീരും എന്ന ധാരണ വേണ്ട. അതൊരു ഏകാധിപത്യ ശൈലിയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ടി ടി ജിസ്‌മോന്‍ പറഞ്ഞു. ജനാധിപത്യപരമായാണ് മുന്നോട്ട് പോകേണ്ടതെന്നും തെരഞ്ഞെടുപ്പ് അതാണ് ബോധ്യപ്പെടുത്തുന്നതെന്നും ജിസ്‌മോന്‍ ചൂണ്ടിക്കാട്ടി.

ഏകാധിപത്യപരമായി മുന്നോട്ട് പോകുമ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത പലകാര്യങ്ങളുമുണ്ട്. ഇടതുപക്ഷം ഇനിയും നവീകരിക്കപ്പെടണം. തെറ്റുകള്‍ തിരുത്തപ്പെടണം. സിപിഐ ഉന്നയിക്കുന്നത് അമിതമായ അവകാശവാദമല്ല. പ്രധാനപ്പെട്ട എല്ലാ പദവികളും സിപിഐഎം ആണ് വഹിക്കുന്നത്. വി എസ് അച്യുതാനന്ദന്‍ ഇരുന്ന കാലത്ത് കൊടിയേരി ബാലകൃഷ്ണനെ സിപിഐഎം ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു എന്നും ജിസ്‌മോന്‍ പറഞ്ഞു. ഒരു എല്‍ഡിഎഫ് യോഗത്തിലും സിപിഐഎമ്മിനാണ് പദവിയെന്ന തീരുമാനം ഉണ്ടാകില്ല. ഇത്തരം തീരുമാനങ്ങളിലേക്ക് പോകുന്നത് ഗുണകരമല്ല. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും ടി ടി ജിസ്‌മോന്‍ പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കുമെന്നും താനാണ് കത്ത് നല്‍കേണ്ടതെന്നും സിപിഐഎം നേതാവിന്റെ പേരാകും കത്തിലെന്നുമായിരുന്നു പിണറായി വിജയന്‍ നേരത്തെ പറഞ്ഞത്.

വിഷയത്തില്‍ എം വിജിന്റെ പ്രതികരണത്തിലും രൂക്ഷഭാഷയില്‍ ജിസ്‌മോന്‍ മറുപടി നല്‍കുന്നുണ്ട്. സിപിഐ ഉന്നയിച്ചത് വളരെ ന്യായമായ ആവശ്യമാണെന്നും ഇതില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് അസ്വസ്ഥത തോന്നേണ്ട കാര്യമില്ലെന്നും ജിസ്‌മോന്‍ വിമര്‍ശിച്ചു. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ് സിപിഐ ഉന്നയിച്ചത്. സിപിഐ ഉന്നയിച്ച ആവശ്യം ജനാധിപത്യപരമായി മുന്നണിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയും സമ്മര്‍ദ്ദമെന്ന് പറയുകയും ചെയ്യുന്നത് ശരിയല്ലെന്നും ജിസ്‌മോന്‍ ചൂണ്ടിക്കാട്ടി.

Tags