കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ട്, ആലപ്പുഴയിലോ തൃശൂരിലോ നൽകുന്നതാണ് നീതി ; സുരേഷ് ഗോപി

Kerala is sure to get AIIMS, justice will be given in Alappuzha or Thrissur; Suresh Gopi

 കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും എന്നാൽ അത് സ്ഥാപിക്കുന്ന ജില്ലയെ ചൊല്ലി കേന്ദ്രസർക്കാർ അഞ്ച് നിർദ്ദേശങ്ങൾ തേടിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ആലപ്പുഴ ജില്ലയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ സാധിച്ചില്ലെങ്കിൽ പിന്നീട് തൃശ്ശൂരിനെ പരിഗണിക്കണമെന്നും ഇവിടങ്ങളിൽ എയിംസ് നൽകുന്നതാണ് നീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കേരളത്തിൽ എയിംസ് വരുന്നത് ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും എവിടെ സ്ഥാപിച്ചാലും സംസ്ഥാനത്തിന് ഈ വലിയ മെഡിക്കൽ കേന്ദ്രം ലഭിക്കുമെന്നത് ഉറപ്പാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

tRootC1469263">

സുരേഷ് ഗോപിയുടെ എയിംസ് പ്രഖ്യാപനങ്ങളെയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും രൂക്ഷമായ ഭാഷയിലാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വിമർശിച്ചത്. ഓരോ ഘട്ടത്തിലും ഓരോ സ്ഥലത്ത് എയിംസ് വരുമെന്ന് സുരേഷ് ഗോപി മാറ്റിപ്പറയുകയാണെന്ന് ഗണേഷ് കുമാർ പരിഹസിച്ചു. ആദ്യം തൃശൂരെന്നും പിന്നീട് തന്റെ അമ്മവീടായ ആലപ്പുഴയെന്നും പറഞ്ഞ അദ്ദേഹം ഇപ്പോൾ തെങ്കാശിയിൽ വന്നാലും മതിയെന്ന നിലപാടിലാണെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി. വോട്ടുതട്ടാൻ വേണ്ടി എന്തും പറയുന്ന രീതിയാണ് സുരേഷ് ഗോപിയുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എയിംസ് വിവാദത്തിന് പുറമെ കേരളത്തിൽ ഒളിമ്പിക്‌സ് നടത്തുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തെയും ഗണേഷ് കുമാർ പരിഹാസരൂപേണയാണ് നേരിട്ടത്. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ടാണ് ഇത്തരം പ്രായോഗികമല്ലാത്ത പ്രസ്താവനകൾ അദ്ദേഹം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ എയിംസ് സ്ഥാപിക്കുന്നതിനായി നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നതെന്നും അന്തിമ തീരുമാനം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് എടുക്കുമെന്നുമാണ് സുരേഷ് ഗോപി നൽകുന്ന വിശദീകരണം.

Tags