ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനത്തിൽ എഐസിസി ഇടപെടണം; കോൺഗ്രസ് ദേശീയ നേത‍ൃത്വത്തിന് പരാതി നൽകി യൂത്ത് കോൺ​ഗ്രസ്

AICC should intervene in the appointment of government pleader in the High Court; Youth Congress files complaint with Congress national leadership

കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനത്തിൽ  എഐസിസി ഇടപെടപെടണമെന്ന് ആവശ്യപ്പെട്ട്  യൂത്ത് കോൺ​ഗ്രസ്  കോൺഗ്രസ് ദേശീയ നേത‍ൃത്വത്തിന് പരാതി നൽകി. നിയമന ശുപാർശകളിൽ പരിശോധന വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിക്കൊപ്പമുള്ള അഭിഭാഷകർ നിയമനത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടുവെന്ന് യൂത്ത് കോൺ​ഗ്രസ് പരാതിയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. പാർട്ടിക്ക് പുറത്തുനിന്നുള്ളവരെ നിയമിച്ചതിലെ നിരാശയും യൂത്ത് കോൺ​ഗ്രസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ചില ലോയേഴ്‌സ് കോൺഗ്രസ് നേതാക്കൾ ഭരണ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും യൂത്ത് കോൺ​ഗ്രസ് പരാതിപ്പെട്ടിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തകരുടെ ത്യാഗത്തിലും സന്നദ്ധതയിലും പടുത്തുയർത്തിയതാണ് കോൺഗ്രസ് പാർട്ടിയെന്നും പരാതിയിൽ പറയുന്നുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ബേസിൽ മേച്ചേരിയാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ് കോൺഗ്രസ് രം​ഗത്ത് വന്നിരുന്നു. ആവശ്യം നേരിൽ കണ്ട് അറിയിച്ചപ്പോൾ മൈൻഡ് ചെയ്യുന്നില്ലെന്ന് പരസ്യമായി പറഞ്ഞുവെന്നായിരുന്നു ലോയേഴ്സ് കോൺ​ഗ്രസിൻ്റെ പരാതി. 

മൂന്നാം പട്ടികയിൽ ഉൾപ്പെടുത്തിയത് ലോയേഴ്സ് കോൺഗ്രസിൻ്റെ ഏതാനും പ്രതിനിധികളെ മാത്രമാണെന്നും ഇവർ പരാതിപ്പെട്ടിരുന്നു. അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് മൂന്ന് പേർ രാജിവച്ചത് ഒഴിച്ചാൽ അനർഹർ ഇപ്പോഴും തുടരുന്നുവെന്നും ലോയേഴ്സ് കോൺഗ്രസിൻ്റെ അഭിഭാഷകർ ഇപ്പോഴും പുറത്ത് നിൽക്കുന്നുവെന്നും ഇവർ പരാതിപ്പെട്ടിരുന്നു. പരാതി ഉയർന്ന നിയമനങ്ങൾ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ പട്ടികയിൽ ഉൾപ്പെട്ട അനർഹരുടെ പേര് വെളിപ്പെടുത്തുമെന്നും ലോയേഴ്സ് കോൺ​ഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു.

സർക്കാർ അഭിഭാഷക നിയമനത്തിൽ ലോയേഴ്സ് കോൺ​ഗ്രസ് നേരത്തെയും പരാതി ഉന്നയിച്ചിരുന്നു. പാർട്ടിയുമായി ബന്ധമില്ലാത്തവരെ നിയമിക്കുന്നതായി കെപിസിസി അധ്യക്ഷന് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പരാതി നൽകിയിരുന്നു. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പി കെ അബ്ദുറഹ്മാൻ ആണ് പരാതി നൽകിയത്. കോൺഗ്രസ് അഭിഭാഷക‍ർക്ക് പരിഗണന നൽകുന്നില്ലെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. വ്യക്തിപരമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങളെന്നും ലോയേഴ്സ് കോൺഗ്രസിലെ അംഗങ്ങളെ പരിഗണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

Tags