എ.ഐ കാമറകൾ സ്ഥാപിച്ചതോടെ സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞു : ആന്റണി രാജു

google news
ai

കൊച്ചി : എ.ഐ കാമറകൾ സ്ഥാപിച്ചതോടെ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞുവെന്ന് മന്ത്രി ആന്റണി രാജു. നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്‌സിനായി സംഘടിപ്പിച്ച സുരക്ഷയാനം നേതൃത്വ പരിശീലന ക്യാമ്പിന്റെയും പീസ് (പ്രോജക്ട് ഓൺ ആക്സിഡന്റ് ഫ്രീ ക്യാമ്പസ് എൻവിയോൺമെന്റ്)പദ്ധതിയുടെയും ഐ.ഡി.ടി.ആർ എക്സ്റ്റൻഷൻ സെന്ററിന്റെയും ഉദ്ഘാടനം കറുകുറ്റി എസ്.സി.എം.എസ് കോളജിൽ നിർവഹിച്ചുക്കുകയായിരുന്നു മന്ത്രി.

എ.ഐ കാമറകൾ സ്ഥാപിക്കുന്നതിന് മുൻപായി സംസ്ഥാനത്ത് ഒരു മാസം നാലര ലക്ഷം ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ മാസത്തിൽ കാമറകൾ സ്ഥാപിച്ചതോടെ ഇത് രണ്ടരലക്ഷമായി കുറഞ്ഞു. റോഡ് അപകടങ്ങളുടെ എണ്ണവും കുറക്കാൻ സാധിച്ചു. ഇതുവഴി 300 പേരുടെ ജീവൻ രക്ഷിക്കാനും റോഡ് അപകടങ്ങളിൽപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണവും കുറക്കാൻ കഴിഞ്ഞു.

നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് എന്ന് തെളിയിച്ചുകൊണ്ട് വി.ഐ.പി കൾ മുതൽ സാധാരണക്കാർ വരെ നടത്തുന്ന നിയമലംഘനങ്ങൾ എ.ഐ കാമറ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. എ.ഐ കാമറകൾ ഗുണകരമാണെന്ന് തെളിയിക്കാൻ സംസ്ഥാനത്തിന് സാധിച്ചു. ഇരുചക്ര വാഹനങ്ങളിൽ വേഗനിയന്ത്രണം ഏർപ്പെടുത്തിയതോടെ അപകടങ്ങൾ കുറക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.

റോഡ് അപകടങ്ങൾ കുറച്ച് നിരത്തുകൾ സുരക്ഷിതമാക്കണം എന്ന ലക്ഷ്യത്തോടെ പരീക്ഷണ അടിസ്ഥാനത്തിൽ ജനുവരിയിൽ ആരംഭിച്ച പീസ് പദ്ധതി വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഒട്ടാകെ പദ്ധതി വ്യാപിപ്പിക്കുന്നത്. റോഡ് സുരക്ഷാ നിയമങ്ങൾ പ്ലസ് ടു പാഠ പദ്ധതിയുടെ ഭാഗമാക്കി കൊണ്ടുള്ള പാഠപുസ്തകങ്ങൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പാഠ്യപദ്ധതികൾ റോഡ് സുരക്ഷാ നിയമങ്ങൾ ഉൾപ്പെടുത്തുന്നത് വഴി പ്ലസ് ടു പാസാകുന്നതോടുകൂടി വിദ്യാർത്ഥിക്ക് ലേണേഴ്സിന് നേരിട്ട് അപേക്ഷിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവർ ആക്കാനും പ്രതിസന്ധികളെ നേരിടുവാൻ പ്രാപ്തരാക്കാനും നാഷണൽ സർവീസ് സ്കീം പോലുള്ളവയുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം കാമ്പുകൾ സജ്ജമാക്കും. നല്ല മാർക്കുകൾ നേടുന്നതിലൂടെ മാത്രമല്ല വിദ്യാഭ്യാസത്തിന്റെ അർത്ഥം പൂർണമാകുന്നത്.

പാഠപുസ്തകങ്ങളിൽ ഇല്ലാത്ത നിരവധി കാര്യങ്ങളും പഠിക്കാനുണ്ട്. സമൂഹത്തിൽ ഉയരുന്ന വെല്ലുവിളി നേരിടാനും ഭാവി തലമുറയെ പ്രതിസന്ധികളെ തരണം ചെയ്യാൻ പ്രാപ്തരാക്കുന്ന രീതിയിലുമാണ് ഇത്തരം പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നത്. പരാജയങ്ങളെ നേരിടാൻ കരുത്ത് കുറഞ്ഞുവരുന്ന പുതുതലമുറയ്ക്ക് പരാജയങ്ങളെ അതിജീവിക്കാൻ ഊർജ്ജം നേടാനും പൊതു സമൂഹമായി ബന്ധപ്പെടാനും ക്യാമ്പുകളിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

റോഡ് നിയമങ്ങളെക്കുറിച്ച് യുവതലമുറകളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.സി.എം.എസ് സ്കൂൾ ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി കാമ്പസിൽ നാഷണൽ സർവീസ് സ്കീമിന്റെയും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിന്റെയും (ഐ.ഡി.ടി.ആർ ), എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷന്റെയും (എസ്.ഐ.ആർ.എസ്.ടി ) നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ എൻജിനീയറിങ് കോളജുകളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സിനായി സുരക്ഷായാനം ദ്വിദിന നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചത്. പുതുതലമുറയിൽ ഗതാഗത റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രോജക്ട് ഓൺ ആക്സിഡന്റ് ഫ്രീ ക്യാമ്പസ് എൻവിയോൺമെന്റ്(പീസ് ) സംസ്ഥാനത്തെ 100 എഞ്ചിനീയറിങ് കോളജുകളിൽ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ റോജി എം ജോൺ എം.എ.ൽ.എ അധ്യക്ഷത വഹിച്ചു, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് ജോയിന്റ് ഡയറക്ടർ കെ.എം സെയ്ഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

Tags