ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകും; എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

AI-based dam management system to be implemented in Kerala, says CM

തിരുവനന്തപുരം: ദുരന്തനിവാരണ രംഗത്ത് ഏറെ ഉപകാരപ്രദമാകുന്ന  എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. ഡാമുകളിലേക്കുള്ള വെള്ളത്തിന്റെ വരവ്, പുറത്തേക്കുള്ള ഒഴുക്ക് , മഴയുടെ അളവ് എന്നിവ ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമായിരിക്കും ഇനി ഡാമുകളുടെ ഷട്ടറുകൾ തുറക്കുക. വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നതിനായി ഡാമുകളിലും നദികളിലും അടിഞ്ഞുകൂടിയ മണ്ണും ചെളിയും അടിയന്തരമായി നീക്കം ചെയ്യും. ഒഡീഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയിൽ കാലാവസ്ഥാ പ്രവചനവും ഫ്ലഡ് മാപ്പിംഗും ശക്തിപ്പെടുത്തി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി പ്രത്യേക 'ഡിസാസ്റ്റർ റെസീലിയൻസ് പ്രോഗ്രാമിന്' രൂപം നൽകും.

സംസ്ഥാനത്തെ നദികൾ, തടാകങ്ങൾ, കനാലുകൾ എന്നിവ ഉൾപ്പെടുത്തി സമഗ്രമായ അസറ്റ് രജിസ്റ്റർ തയ്യാറാക്കും. നദീതീരങ്ങളിലെ അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്താൻ ലാൻഡ് ഓഡിറ്റിംഗ് നടത്തി കർശന നടപടികൾ സ്വീകരിക്കും. ഫ്ലഡ് മാപ്പിംഗ് ഉൾപ്പെടെയുള്ള ശാസ്ത്രീയ നടപടികളിലൂടെ ഭാവിയിലെ പ്രളയസാധ്യത പരമാവധി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.തോട്ടപ്പള്ളി സ്പിൽവേയിലെ മാലിന്യങ്ങളും എക്കലും നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കാനും തണ്ണീർമുക്കം ഉൾപ്പെടെയുള്ള ഷട്ടറുകൾ തുറന്ന് അപ്പർ കുട്ടനാട് മേഖലയിൽ പ്രത്യേക ശ്രദ്ധ നൽകാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags