‘വാടകഗർഭധാരണത്തിന് പ്രായപരിധിയിൽ ഇളവ് നൽകാനാകില്ല’; ഹൈക്കോടതി
കൊച്ചി: വാടകഗർഭധാരണത്തിനുള്ള പ്രായപരിധിയിൽ ഇളവുതേടിയുള്ള ഹർജി തള്ളി ഹെെക്കോടതി . 2021 ലെ വാടകഗർഭധാരണ നിയന്ത്രണ നിയമപ്രകാരം ദമ്പതികൾക്ക് നിശ്ചയിച്ചിട്ടുള്ള ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകാനാകില്ലെന്ന് ജസ്റ്റിസ് എം ബി സ്നേഹലത വ്യക്തമാക്കി. പ്രായപരിധി ചോദ്യം ചെയ്ത് ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശികളായ നാൽപ്പത്തിനാലുകാരിയും അന്പത്തേഴുകാരനുമാണ് കോടതിയെ സമീപിച്ചത്.
2006-ൽ വിവാഹിതരായ ഇവർ കുട്ടികളില്ലാത്തതോടെയാണ് വാടകഗർഭധാരണത്തിന് ശ്രമിച്ചത്. എന്നാൽ, ഭർത്താവിന് 56 വയസ്സ് കഴിഞ്ഞതിനാൽ അനുമതി ലഭിച്ചില്ല. പ്രായപരിധിയെത്തുംമുൻപേ ഭ്രൂണങ്ങൾ ശീതീകരിച്ച് ആശുപത്രിയിൽ സൂക്ഷിച്ചതാണെന്നും ഇപ്പോൾ പ്രായത്തിന്റെ പേരിൽ അനുമതി നിഷേധിക്കരുതെന്നും ദമ്പതികൾ വാദിച്ചു.
എന്നാൽ, സറോഗസി നിയമപ്രകാരം ദമ്പതികളിൽ പുരുഷന് 56 വയസ്സും സ്ത്രീക്ക് 50 വയസ്സുമാണ് ഉയർന്ന പ്രായപരിധി. അമ്മയുടെയും ജനിക്കാനിരിക്കുന്ന കുട്ടിയുടെയും ആരോഗ്യമടക്കം മുൻനിർത്തി ശാസ്ത്രീയമായാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളതെന്ന് കോടതി വ്യക്തമാക്കി. 2022ൽ നിയമം പ്രാബല്യത്തിലാകുന്നതിനുമുമ്പ് വാടകഗർഭധാരണ നടപടികൾ ആരംഭിച്ചവർക്ക് മാത്രമെ സുപ്രീംകോടതിയുടെ മുൻ ഉത്തരവുപ്രകാരം ഇളവ് ലഭിക്കൂ. ഈ കേസിൽ ഭ്രൂണം ശീതീകരിച്ച് സൂക്ഷിച്ചത് 2023-ൽ ആയതിനാൽ ആ ഇളവും ബാധകമല്ലെന്ന് വ്യക്തമാക്കി.
.jpg)

