മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ലോണ്‍ ആപ്പ് മാഫിയാ സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ കാണാതായ വിഷ്ണുവിനായി അന്വേഷണം ഊര്‍ജ്ജിതം

vishnu

ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറയുന്നു.

കോഴിക്കോട് വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണുവിന്റെ തിരോധാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. പതിനായിരം രൂപയാണ് 25കാരനായ വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ലോണ്‍ ആപ്പ് മാഫിയാ സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.

ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. ഇക്കഴിഞ്ഞ പതിമൂന്നിനാണ് ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാതായത്. വഴിയില്‍ വച്ച് സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ വിഷ്ണുവിന്റെ ഫോണിലേക്ക് കോള്‍ വന്നിരുന്നതായും അതിനുശേഷം വിഷ്ണു പരിഭ്രാന്തിയിലായിരുന്നതായും സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ട്.

65000 രൂപ ലോണെടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ആയെന്നും ആണ് വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശത്തിലുള്ളത്. അമ്മയോട് വിഷമിക്കേണ്ട എന്നു പറയണമെന്നും പ്രശ്‌നമൊന്നുമില്ലെന്നുമാണ് വിഷ്ണു അയച്ച അവസാന സന്ദേശം. കാസര്‍കോട് ബേക്കലിലാണ് വിഷ്ണുവിന്റെ അവസാന ടവര്‍ ലൊക്കേഷനെന്ന് പോലീസ് അറിയിച്ചു. വിഷ്ണു ട്രെയിനില്‍ യാത്ര ചെയ്‌തെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Tags