പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിടുന്നു; കോൺഗ്രസിലേക്ക് തിരിച്ചെത്തും

After Padmaja, Padmini Thomas also leaves BJP; will return to Congress

 തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. പത്മജ വേണുഗോപാലിന് പിന്നാലെ ഏഷ്യൻ ഗെയിംസ് മെഡൽ ജേത്രിയും കേരള സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസും ബിജെപി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് മടങ്ങുന്നു. വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് 2024 മാർച്ചിലായിരുന്നു പത്മിനി തോമസ് ബിജെപിയിൽ ചേർന്നത്. പാർട്ടിയിൽ നിന്ന് സ്ഥാനമാനങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസിലേക്ക് മടങ്ങിവരാനുള്ള തീരുമാനമെന്ന് അവർ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് ബിജെപി വാഗ്ദാനം നൽകിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്ന് പത്മിനി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. എന്തെങ്കിലും പ്രതീക്ഷിച്ചായിരുന്നില്ല ബിജെപിയിലേക്ക് പോയത്. തിരുവനന്തപുരം കോർപ്പറേഷനിൽ വിജയസാധ്യത ഇല്ലാഞ്ഞിട്ടുപോലും പാളയം വാർഡിൽ മത്സരിക്കുകയും, അവിടെ ബിജെപിക്ക് സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വോട്ടുകൾ നേടാൻ തനിക്ക് കഴിഞ്ഞതായും അവർ ചൂണ്ടിക്കാട്ടി. അന്നത്തെ കെപിസിസി പ്രസിഡന്റുമായുണ്ടായ ചെറിയ തർക്കമാണ് ബിജെപിയിലേക്ക് പോകാൻ ഇടയാക്കിയത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ. മുരളീധരനുമെല്ലാം തന്നെ ഒരുപാട് സഹായിച്ചവരാണെന്നും, തന്റെ കുടുംബം മുഴുവൻ കോൺഗ്രസായതിനാൽ തിരികെ പാർട്ടിയിലേക്ക് മടങ്ങുകയാണെന്നും പത്മിനി വ്യക്തമാക്കി. ഒന്നും മോഹിച്ചല്ല കോൺഗ്രസിലേക്ക് മടങ്ങുന്നതെന്നും, ഒരു സാധാരണ പ്രവർത്തകയായി തുടർന്ന് കായികരംഗത്തിനായി നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

 മുൻപ് കെപിസിസി കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള പത്മിനി തോമസ് ഇന്ത്യൻ കായികരംഗത്തെ പ്രമുഖ വ്യക്തിത്വമാണ്. 1982-ലെ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെങ്കലവും 4x400 മീറ്റർ റിലേയിൽ വെള്ളിയും നേടിയിട്ടുണ്ട്. എൻഐഎസ് (NIS) ഡിപ്ലോമ നേടിയ ശേഷം റെയിൽവേ ടീമിന്റെ പരിശീലകയായും തിളങ്ങി. അർജുന അവാർഡും ജി.വി. രാജ അവാർഡും ലഭിച്ചിട്ടുള്ള അവർ, കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായിരിക്കെ 2015-ലെ ദേശീയ ഗെയിംസ് കേരളത്തിൽ വിജയകരമായി സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

Tags