ഗുരുകുലപഠനത്തിന് പിന്നാലെ പുസ്തകകാലം; കലാമണ്ഡലത്തിൽ ചരിത്രപരമായ മാറ്റം
തിരുവനന്തപുരം: കേരള കലാമണ്ഡലം അച്ചടിച്ച അവതരണപാഠങ്ങളുടെ പുസ്തകച്ചിട്ടയോടെയായിരിക്കും പുതിയ അധ്യയനവർഷത്തിൽ വിദ്യാരംഭം കുറിക്കുക. ആശാന്റെ മുഖഭാവപ്പകർച്ചയും വിരലുകളിൽ വിരിയുന്ന നടനമുദ്രകളും കണ്ടുമാത്രം പകർത്തുന്ന ഗുരുകുലപഠനത്തിന് ഇതോടെ തിരശ്ശീലവീഴും.
ചരിത്രത്തിലാദ്യമായി കലാവിദ്യാഭ്യാസത്തിനുള്ള പാഠപുസ്തകങ്ങളൊരുക്കി, സ്കൂൾ വിദ്യാർഥികളെ വരവേൽക്കുകയാണ് കേരളത്തിന്റെ ഈ അഭിമാനകേന്ദ്രം. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എസ്.സി.ഇ.ആർ.ടി.യുടെ സഹായത്തോടെ, കലാമണ്ഡലത്തിലെ അധ്യാപകക്കൂട്ടം തയ്യാറാക്കിയതാണ് ഈ പുസ്തകങ്ങൾ.
കലാമണ്ഡലം സ്കൂളിൽ 70 ശതമാനം കലാവിദ്യാഭ്യാസമാണ്. എട്ടാംക്ലാസുമുതൽ പ്രവേശനമുള്ള ഈ വിദ്യാലയത്തിൽ 30 ശതമാനമേ അക്കാദമിക പഠനമുള്ളൂ. അതിനായി കേരള സിലബസിലുള്ള പാഠപുസ്തകങ്ങളുണ്ട്. 1930-ൽ മഹാകവി വള്ളത്തോൾ നാരായണ മേനോൻ സ്ഥാപിച്ചതുമുതൽ പഠനം ഗുരുകുലസമ്പ്രദായത്തിലായതിനാൽ, കലാവിദ്യാഭ്യാസത്തിനു പുസ്തകങ്ങളില്ല. കലാധ്യാപകർക്കുള്ള ഏതാനും കൈപ്പുസ്തകങ്ങളേയുള്ളൂ. അവ കാലാനുസൃതമായി പുതുക്കുന്നതും പതിവില്ല.
അവതരണകല ഡിജിറ്റൽ യുഗത്തിലേക്കും പരിവർത്തനം ചെയ്യപ്പെട്ടതോടെ, പുതിയ കാലവുമായി കലാമണ്ഡലത്തെ കൂട്ടിയിണക്കാനുള്ള ദൗത്യമാണ് പുതിയ പുസ്തകങ്ങൾ. ഏപ്രിലിൽ ആരംഭിച്ച യജ്ഞത്തിൽ, ഒന്നരമാസമെടുത്ത് 14 വിഷയങ്ങളിലായി 60 പുസ്തകങ്ങൾ തയ്യാറാക്കി. എസ്.സി.ഇ.ആർ.ടി. കലാവിഭാഗം റിസർച്ച് ഓഫീസർ കെ. സതീഷ്‌കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു പുസ്തകരചനാ ശില്പശാല.
എട്ടുമുതൽ പത്തുവരെ ക്ലാസുകാർക്കുവേണ്ടിയാണ് പുസ്തകങ്ങൾ. മോഹിനിയാട്ടംമുതലുള്ള നൃത്തരൂപങ്ങളും കഥകളിയിലെ വടക്കൻചിട്ടയും തെക്കൻചിട്ടയുമൊക്കെ പാഠഭാഗങ്ങളായി. പുതിയ അധ്യയനവർഷം ഇതു നടപ്പാവുമെന്ന് കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ ‘മാതൃഭൂമി’യോടു പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിനും ഭാവിയിൽ പാഠ്യപദ്ധതിയാവും.
.jpg)

