മാതാപിതാക്കളുടെ പ്രശ്‌നങ്ങൾ കുട്ടികളെ സാരമായി ബാധിക്കുന്നു, കരുതൽ വേണം: വനിതാ കമ്മീഷൻ അംഗം അഡ്വ:പി കുഞ്ഞായിഷ
കാസർഗോട് : വിവാഹ ബന്ധത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ വ്യക്തിയുടെ മാത്രം പ്രശ്‌നമല്ലാതാകുന്ന രീതിയിൽ സാമൂഹ്യ വിപത്തായി മാറുന്നുവെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി.കുഞ്ഞായിഷ. കാസർകോട് കളക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം. സിറ്റിങ്ങിൽ 36 പരാതികളിൽ എട്ടു പരാതികൾ തീർപ്പാക്കി,നാലു പരാതികൾ പോലീസ് റിപ്പോർട്ടിനായി മാറ്റി 24 എണ്ണം അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.
അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങൾ കുട്ടികളുടെ മാനസിക ആരോഗ്യത്തെ ഏറെ ബാധിക്കുന്നുണ്ടെന്നും കമ്മീഷൻ അംഗം പറഞ്ഞു. ഇത് വലിയ സാമൂഹ്യ വിപത്തായി മാറുന്നുണ്ടെന്നും കമ്മീഷൻ പറഞ്ഞു. പരസ്പരം സഹിഷ്ണുതയില്ലായ്മ, വിശ്വാസക്കുറവ് സാമ്പത്തിക സമ്മർദ്ദം, മൂന്നാം കക്ഷിയുടെ ഇടപെടൽ എന്നീ ഘടകങ്ങൾ വിവാഹബന്ധത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നു. ഇതിന് ശക്തമായ സാമൂഹ്യ ബോധവൽക്കരണം ആവശ്യമാണ്. എന്നാൽ പലരും കൗൺസിലിങ്ങിന് വിധേയരാകാൻ വിസമ്മതിക്കുന്ന അവസ്ഥയും ഉണ്ട്.
പ്രായമായവരെ പുറന്തള്ളുകയും അവർക്ക് ഭക്ഷണവും ചികിത്സയും മരുന്നും നിഷേധിക്കുന്നത് ഉൾപ്പെടെയുള്ള പ്രവണതകളും സമൂഹത്തിൽ വർദ്ധിച്ചുവരുന്നു. ഭർത്താക്കന്മാർ മരണപ്പെട്ടുപോകുന്ന സാഹചര്യത്തിൽ പല നിയമപരമായ ആനുകൂല്യങ്ങളും സ്ത്രീക്ക് കുടുംബത്തിൽ നിന്ന് നിഷേധിക്കപ്പെടുന്നു. അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതിരിക്കൽ സ്വത്ത് തട്ടിയെടുക്കൽ വീട്ടിലുള്ള അവകാശങ്ങൾ തടയുക പോലുള്ള ഭീഷണികളും സ്ത്രീകൾ കുടുംബത്തിൽ നിന്ന് നേരിടുന്നു.
ഏകാന്തതയും അവഗണനയും നിസ്സഹായാവസ്ഥയും മൂലം രോഗമില്ലാത്ത സ്ത്രീകൾക്ക് പോലും അനാരോഗ്യം ഉണ്ടാകുന്നു. ഇത്തരം സ്ത്രീകൾക്ക് സമൂഹത്തിൽ കൂടുതൽ പരിഗണന ആവശ്യമാണ്. കമ്മീഷന്റെ സിറ്റിങ്ങിൽ തീർപ്പാക്കിയ പരാതികളിൽ അധികവും കുടുംബ പ്രശ്‌നങ്ങളും സ്വത്തു തർക്കങ്ങളും അയൽവാസികളുമായി ബന്ധപ്പെട്ട പരാതികളും ആയിരുന്നു. കമ്മീഷൻ ജീവനക്കാരായ അഫ്‌സൽ റാഫി, സതീഷ് കുമാർ എന്നിവരും സിറ്റിങിൽ പങ്കെടുത്തു.
.jpg)

